മലയാള സിനിമയിലും സാഹിത്യത്തിലും പ്രണയമെന്ന വികാരത്തെ അതിന്റെ ആഴവും പരപ്പും ഉൾകൊണ്ട് എഴുതുകയും, സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്ത മഹാ പ്രതിഭയാണ് സംവിധായകൻ പി പത്മരാജന്‍. അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 31 വർഷങ്ങൾ പിന്നിടുന്നു.അടുപ്പമുള്ളവർ പപ്പേട്ടൻ എന്ന് വീളിച്ചിരു ന്ന പദ്മരാജന്റെ പേര് പി പദ്മ രാജൻപിള്ള എന്നായിരുന്നു.
ഹരിപ്പാടിനടുത്ത് മുതുകുളം എന്ന സ്ഥലത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും, ഞവരക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായാണ് പത്മരാജൻ 1945 മേയ് 23നാണ് പത്മരാജൻ ജനിക്കുന്നത്. മുതുകുളം സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ പ്രീ യൂണിവേഴ്സിറ്റി പഠനം. ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദവും കരസ്ഥമാക്കിയ പത്മരാജൻ, ചേപ്പാട് അച്ച്യുതവാര്യരുടെ ശിക്ഷണത്തിൽ സംസ്കൃതവിദ്യാഭ്യാസവും നേടി.
1965 ല്‍ ആള്‍ ഇന്ത്യ റേഡിയോയില്‍ തൃശ്ശൂരില്‍ പ്രോഗ്രാം അനൌണ്‍സര്‍ ആയി ജോലിയില്‍ പ്രവേശിച്ചു. പിന്നീടാണ് സിനിമയുടെ ലോകത്തേക്ക് വരുന്നത്. പെരുവഴിയമ്പലം, ഒരിടത്തൊരു ഫയല്‍വാന്‍, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍, മൂന്നാം പക്കം, ഞാന്‍ ഗന്ധര്‍വ്വന്‍, എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളാണ്. മലയാള സാഹിത്യത്തില്‍ വലിയ സംഭാവനകള്‍ നല്‍കി. ഭരതന്റേയും കെ.ജി.ജോർജ്ജിന്റെയും കൂടെ മലയാളസിനിമയുടെ വളർച്ചയ്ക്കായി ഒരു സിനിമാ വിദ്യാലയം പത്മരാജൻ തുടങ്ങുകയുണ്ടായി. ഇത് കലാ സിനിമയേയും, വാണിജ്യ സിനിമയേയും ഒരു പോലെ പ്രോത്സാഹിപ്പിക്കാനുള്ളതായിരുന്നു.
പത്മരാജന്റെ തൂലിക തുമ്പിൽ വിരിഞ്ഞ പ്രതിമയും രാജകുമാരിയും, രതിനിര്‍വ്വേദം, മഞ്ഞുകാലം നോറ്റകുതിര, ഋതുഭേതങ്ങളുടെ പാരിതോഷികം. ഉദകപ്പോള, നക്ഷത്രങ്ങളേ കാവല്‍ എന്നീ നോവലുകള്‍ ജീവിതയാതാര്‍ത്ഥ്യങ്ങളെ തൊട്ടറിഞ്ഞ രചനകളായിരുന്നു .
അദ്ദേഹമൊരുക്കിയ സർഗ്ഗാത്മകതയുടെ അപൂർവ ലോകങ്ങൾ ഇന്നും നമുക്ക് വിസ്മയമാണ്. തകരയിലെ ചെല്ലപ്പനാശാരിയെ പോലെ, കള്ളൻ പവിത്രനിലെ കള്ളൻ പവിത്രനെ പോലെ, നമുക്ക് പാർക്കാൻ മുന്തി രിതോപ്പുകളിലെ സോളമനെപ്പോലെ, തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും ക്ലാരയെയുംപ്പോലെ, രക്തവും, ജീവനും വികാരവിചാരങ്ങളും ഉള്ള കഥാപാത്രങ്ങൾ കാലാനുവർത്തിയായി പ്രേക്ഷകമനസ്സുകളിൽ ഇന്നും ജീവിക്കുന്നു. പ്രണയത്തിന്റെയും ജീവിതത്തിന്റെയും വേറിട്ട വഴികൾ കാണിച്ചു തന്ന തൂവാന തുമ്പികള്‍, സ്വവര്‍ഗ്ഗാനുരാഗത്തെ അശ്ലീലതകളില്ലാതെ അവതരിപ്പിച്ച ദേശാടനക്കിളികള്‍ കരയാറില്ല, മുന്തിരി തോട്ടങ്ങളിലെ പ്രണയാതുരതകൾ നുരയുന്ന നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ തുടങ്ങി എത്രയെത്ര തിരക്കഥകൾ .
36 ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ പത്മരാജൻ 18 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു. 1975-ൽ എഴുതിയ പ്രയാണം ആണ് പത്മരാജന്റെ ആദ്യ തിരക്കഥ. ഭരതന്റെ സംവിധാനത്തിൽ ആ വർഷം തന്നെ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള മധ്യവർത്തി സിനിമയുടെ ചുക്കാൻ പിടിച്ച ഭരതൻ-പത്മരാജൻ കൂട്ടുകെട്ടിനും ഈ ചിത്രം തുടക്കം കുറിച്ചു. ദേശീയവും അന്തർദ്ദേശീയവുമായ നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്.
1991 ജനുവരി 24ന് ഞാൻ ഗന്ധർവ്വന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ മലയാളചലച്ചിത്രത്തിന്റെ ഗന്ധർവ്വൻ തന്റെ നാൽപ്പത്തിയാറാമത്തെ വയസ്സിൽ അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങുകയായിരുന്നു. സിനിമ ലോകത്ത് പകരക്കാരനില്ലാതെ അദ്ദേഹത്തിന്റെ സ്ഥാനം ഇന്നും ഒഴിഞ്ഞു കിടക്കുമ്പോഴും പത്മരാജൻ കഥാപാത്രങ്ങൾ ഇന്നും മലയാളികൾക്കിടയിൽ ജീവിക്കുന്നു.