കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ ആദ്യഘട്ട ചോദ്യംചെയ്യൽ പൂർത്തിയായി. മൊഴികൾ പരിശോധിച്ച ശേഷം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. എസ്.പി മോഹനചന്ദ്രനാണ് മൊഴികൾ പരിശോധിക്കുന്നത്.
അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പ്രതികളെ മണിക്കൂറുകളോളം ചോദ്യം ചെയ്തത്. കേസില്‍ കണ്ടെത്തിയ തെളിവുകളും പ്രതികളുടെ മൊഴിയും അന്വേഷണ സംഘം പരിശോധിക്കുകയാണ്. മൊഴികള്‍ പരിശോധിച്ച ശേഷം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കും.
ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന സംബന്ധിച്ച് കൃത്യമായി തെളിവുകള്‍ ലഭിച്ചതായി എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളെ പറ്റി ഇപ്പോള്‍ പുറത്ത് പറയാന്‍ കഴിയില്ല. ചോദ്യം ചെയ്യലിന് കൂടുതല്‍ സമയം വേണമെങ്കില്‍ കോടതിയോട് ആവശ്യപ്പെടും. കേസിലെ വിഐപി ആരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയവരുടെ വിശദ വിവരങ്ങള്‍ അന്വേഷിക്കുമെന്നും എഡിജിപി പ്രതികരിച്ചു. ചോദ്യം ചെയ്യലിന്റെ പുരോഗതി എസ് ശ്രീജിത്തും ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളും ചേര്‍ന്നാണ് വിലയിരുത്തിയത്.
കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ദിലീപ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നത്. ഒമ്പത് മണി ആകുന്നതിന് മിനിറ്റുകൾക്ക് മുമ്പ് തന്നെ ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കാതെ അകത്തേക്ക് കയറി. എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ 11 മണിക്കൂറാണ് ദിലീപിനെ ഇന്ന് ചോദ്യംചെയ്യുക. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ചോദ്യംചെയ്യലെങ്കിലും നടിയെ ആക്രമിച്ച കേസിനെക്കുറിച്ചും ചോദ്യങ്ങൾ ഉണ്ടാകും.
ചോദ്യംചെയ്യൽ പൂർത്തിയാക്കി വരുന്ന ചൊവ്വാഴ്ചയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകേണ്ടത്. അതുകൊണ്ടുതന്നെ ഇനിയുള്ള മൂന്ന് ദിവസം അന്വേഷണ സംഘത്തിനും ദിലീപിനും നിർണായകമാണ്.
സംവിധായകന് ബാലചന്ദ്രകുമാര്‍ തന്നോട് പണം ആവശ്യപ്പെട്ടതായി ദിലീപ് ചോദ്യം ചെയ്യലിന്റെ വേളയില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ബാലചന്ദ്രകുമാറിന് 10 ലക്ഷം രൂപ നല്‍കിയെന്ന് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരോട് മൊഴി നല്കി. ബാലചന്ദ്രകുമാറിന് വിശ്വാസ്യതയില്ലെന്ന് ദിലീപ് പറഞ്ഞു. ബാലചന്ദ്രകുമാറുമായി നടത്തിയ വാട്സ്ആപ് ചാറ്റിന്റെ പകര്‍പ്പ് പ്രതിരോധമാക്കിയാണ് ദിലീപിന്റെ മൊഴി. വോയ്സ് ക്ലിപ്പുകളില്‍ കൃത്രിമം നടന്നുവെന്നും ദിലീപ് ആരോപിച്ചു.