കൊച്ചി;നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ചോദ്യംചെയ്യലിനായി ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും. ഹൈക്കോടതി നിർദേശ പ്രകാരമാണ് ദിലീപ് ഉൾപ്പെടെ അഞ്ച് പേർ ക്രൈംബ്രാഞ്ചിന് മുമ്പിൽ ഹാജരാകുക. രാവിലെ ഒമ്പത് മുതൽ വൈകീട്ട് എട്ട് മണി വരെയാണ് ചോദ്യംചെയ്യാൻ അനുമതി. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കായിരിക്കും ചോദ്യംചെയ്യല്‍.
ദിലീപ് ഉള്‍പ്പടെ അഞ്ച് പ്രതികളും ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്കി. സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുള്ള പ്രതികള്‍.കേസിലെ വി ഐ പി ശരത് ജി നായരെയും ചോദ്യം ചെയ്യും.
എന്നാല്‍, ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതികള്‍ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടാക്കിയാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്കി. ബുധനാഴ്ച വരെ കേസ് തീര്‍പ്പാക്കുന്നില്ല എന്നും, അത് വരെ ദിലീപ് അടക്കമുള്ള ആറ് പ്രതികള്‍ അന്വേഷണവുമായി സഹകരിക്കട്ടെ എന്നും കോടതി വ്യക്തമാക്കി.