നടി പ്രിയങ്ക ചോപ്രയുടെയും ഭര്‍ത്താവ് നിക് ജോനാസിൻ്റെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തി. വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് പിറന്നതായി ഇരുവരും അറിയിച്ചു. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ വിവരം പ്രിയങ്ക അറിയിച്ചത്. പിന്നാലെ നിരവധി പേർ ഇരുവർക്കും ആശംസയുമായി രംഗത്തെത്തി.
‘വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്‌തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുകയാണ്, എന്നാണ് പ്രിയങ്ക കുറിച്ചത്. കുടുംബത്തിന് പ്രത്യേകം പരിഗണന നൽകുന്നതിനായി ഈ സമയത്തെ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും താരം കുറിപ്പിൽ പറയുന്നുണ്ട്.
2018 ഡിസംബര്‍ ഒന്നിനാണ് പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകൻ നിക്ക് ജോനാസും വിവാഹിതരായത്.
ആറ് മാസത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. യുഎസിലാണ് നിലവില്‍ ഇരുവരും. കീനു റീവ്സ് അഭിനയിച്ച ദി മാട്രിക്സ് റിസറക്ഷൻസിൽ സതി എന്ന കഥാപാത്രത്തെ പ്രിയങ്ക അടുത്തിടെ അവതരിപ്പിച്ചിരുന്നു.
സിറ്റാഡല്‍ സീരീസാണ് പ്രിയങ്കയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയ്ക്ക് വേണ്ടി പാട്രിക് മോറനും റുസ്സോ സഹോദരന്മാരും ചേർന്നാണ് അമേരിക്കൻ ഷോ നിർമിച്ചത്. മാട്രിക്‌സ് റിസറക്ഷന്‍സ് ആണ് പ്രിയങ്കയുടെ അവസാനമായി ഇറങ്ങിയ ഹോളിവുഡ് ചിത്രം. ബോളിവുഡില്‍ ജീലേ സരാ എന്ന ചിത്രത്തിലും പ്രിയങ്ക വേഷമിടുന്നുണ്ട്. സോയ അക്തര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ കത്രീന കൈഫും ആലിയ ഭട്ടുമാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങള്‍.