നടൻ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. മാവേലിക്കര സബ്‍ രജിസ്റ്റര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം. സ്‍പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വൈകിട്ട് വിവാഹ വിരുന്നും നടത്തി.
മുംബൈ പോലീസ്, മായാനദി എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കും പരിചിതനാണ് ഹരീഷ്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ വില്ലൻ വേഷത്തിലൂടെയാണ് ഹരീഷ് ശ്രദ്ധേയനായത്. 2010 ൽ റിലീസ് ചെയ്ത ‘താ’യാണ് ആദ്യ ചിത്രം. പായും പുലി, പവർ, ശ്രീമന്തുഡു, തൊടാരി, തനി ഒരുവൻ, ഭൈരവാ, ധുവ്വടാ ജഗന്നാഥം, കവചം, വിനയ വേഥയ രാമ, കൈതി, പുഷ്പ, വി, ഈശ്വരൻ എന്നിവയാണ് പ്രധാന സിനിമകൾ.
മമ്മൂട്ടി നായകനായെത്തുന്ന ‘ഭീഷ്മ പർവം’ ആണ് ഹരീഷിൻ്റെ പുതിയ പ്രോജക്ട്. നോർത്ത് 24 കാതം, ലുക്ക ചുപ്പി, കസബ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് ചിന്നു. അഭിനയത്തിൽ നിന്നും ഇടവേള എടുത്ത താരം ഇപ്പോൾ ഛായാഗ്രഹണമേഖലയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. പ്രശസ്ത ഛായാഗ്രാഹകൻ മനോജ് പിള്ളയുടെ സഹായിയായി പ്രവർത്തിക്കുന്ന ചിന്നു, മാമാങ്കം ഉൾപ്പടെയുള്ള സിനിമകളിൽ ക്യാമറ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നു. ഉടൻ സ്വതന്ത്ര ഛായാഗ്രാഹകയായി മാറാനുള്ള തയാറെടുപ്പിലാണ് ചിന്നു.