പനജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി. 34 മണ്ഡലങ്ങളിലേക്കാണ് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പ്രമോദ് സാവന്ത് സിറ്റിങ് സീറ്റായ സാന്‍ക്വിലിനില്‍ നിന്നുതന്നെ ജനവിധി തേടും. മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന് ഉത്പല്‍ പരീക്കറിന് പാര്‍ട്ടി ടിക്കറ്റില്ല. ഇതോടെ ബാബുഷ് മൊണ്സ്രാട്ട് പനാജി മണ്ഡലത്തില്‍നിന്നും മത്സരിക്കും.
മാന്‍ഡറിമില്‍ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ച മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറിനും പട്ടികയില്‍ ഇടമില്ല. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച് ബിജെപിയിലേക്ക് ചേക്കേറിയ സിറ്റിങ് എംഎല്‍എ ദയാനന്ദ് സോപ്തെയ്ക്ക് തന്നെയാണ് ബിജെപി ടിക്കറ്റ് നല്‍കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയായിരുന്ന പര്‍സേക്കറിനെ പരാജയപ്പെടുത്തിയ ദയാനന്ദ് സോപ്തെ പരീക്കര്‍ സര്‍ക്കാര്‍ അധികാരത്തിലെത്തി വൈകാതെ ബിജെപിയില്‍ ചേരുകയായിരുന്നു