ഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിന കേസുകൾ മൂന്ന് ലക്ഷം കടന്നു.ഔദ്യോഗിക കണക്കുകൾ പ്രകാരം, 3,17,532 പേർക്കാണ് 24 മണിക്കൂറിൽ കൊവിഡ് സ്ഥിരീകരിച്ചത്. 491 പേർ മരിച്ചു. 2,23,990 പേർ രോഗമുക്തി നേടി. ടിപിആർ 16.41 ശതമാനമാണ്. അതേ സമയം രാജ്യത്ത് ഇതുവരെ 9,287 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ മെയ് മാസത്തിലാണ് ഇതിന് മുമ്പ് രാജ്യത്ത് കൊവിഡ് കേസുകൾ മൂന്നുലക്ഷം കടന്നത്. ഒമിക്രോൺ വ്യാപനമാണ് മൂന്നാം തരംഗത്തിൽ കേസുകൾ കുത്തനെ ഉയരാൻ കാരണമായതെന്നാണ് ആരോഗ്യ വിദഗ്തരുടെ വിലയിരുത്തുന്നത്.
സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയിലാണ് ഇപ്പോഴും കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ. മുംബൈയിൽ പൊസിറ്റിവിറ്റി നിരക്ക് കുറഞ്ഞപ്പോൾ പുണെയിൽ രോഗ വ്യാപനം കൂടി. പന്ത്രണ്ടായിരത്തിൽ അധികം പേർക്കാണ് ഇന്നലെ പുണെയിൽ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിക്കുന്ന ജില്ലയായി പുണെ മാറി. മുംബൈയിൽ പൊലീസിലെ 12 ഉദ്യോഗസ്ഥർക്ക് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിക്കുകയും ചെയ്തു.