12 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചിതനാവുകയാണെന്ന് വെളിപ്പെടുത്തി നടൻ നിതീഷ് ഭരദ്വാജ്. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് ഭാര്യ സ്മിതയുമായി വേർപിരിയുന്ന കാര്യം നിതീഷ് പറഞ്ഞത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹ മോചനം എന്നത് മരണത്തേക്കാൾ വേദനാജനകമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈയിലെ കുടുംബകോടതിയിൽ 2019 ൽ ഫയല്‍ ചെയ്ത് വിവാഹമോചനത്തിനുള്ള കേസ് നടന്നുകൊണ്ടിരിക്കുകയാണെന്ന് താരം വ്യക്തമാക്കി. ഇങ്ങനെയൊരു തീരുമാനത്തിലേക്ക് തങ്ങൾ എത്താനുള്ള കാരണത്തെ കുറിച്ച് സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു കുടുംബം തകരുമ്പോൾ കുഞ്ഞുങ്ങളാണ് ഏറ്റവും പ്രയാസപ്പെടേണ്ടിവരിക. വേർപിരിയുകയാണെങ്കിൽ പോലും കുഞ്ഞുങ്ങളെ അത് ഏറ്റവും കുറഞ്ഞ രീതിയിൽ ബാധിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. നിതീഷിനും സ്മിതയ്ക്കും ഇരട്ട കുട്ടികളാണ്.
മോനിഷ പട്ടേൽ ആണ് നിതീഷിൻ്റെ ആദ്യ ഭാര്യ. ഇവർക്കും രണ്ട് കുട്ടികളാണ്. ഇരുവരും അമ്മയ്ക്കൊപ്പമാണ് കഴിയുന്നത്. 1991ൽ വിവാഹിതരായ ഇവർ 2005ൽ ആണ് വേർപിരിഞ്ഞത്. പിന്നീട് 2009ൽ ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന സ്മിതയെ വിവാഹം ചെയ്തു. ബി ആർ ചോപ്രയുടെ ‘മഹാഭാരതം’ സീരിയലിൽ ശ്രീകൃഷ്ണനെ അവതരിപ്പിച്ചാണ് നിതീഷ് ഭരദ്വാജ് പ്രശസ്തിയിലേക്കെത്തിയത്. എന്നാൽ, മലയാളി ഓർത്തുവെക്കുന്നത് പത്മരാജന്‍റെ ‘ഞാൻ ഗന്ധർവൻ’ എന്ന ചിത്രത്തിലെ ഗന്ധർവനായാണ്. നിതീഷിൻ്റെ കരിയറിലെ മികച്ച വേഷമായിരുന്നു ഞാന്‍ ഗന്ധര്‍വനിലേത്.