ഹരിദ്വാർ: ഏറെ വിവാദങ്ങളും വിമർശനങ്ങൾക്ക് ഒടുവിൽ യതി നരസിംഹാനന്ദിനെതിരെ ഹരിദ്വാർ വിദ്വേഷപ്രസംഗക്കുറ്റവും ചുമത്തി. മുസ്‌ലിംകൾക്കെതിരെ വംശഹത്യാ ആഹ്വാനം നടത്തിയ ഹരിദ്വാർ ഹിന്ദുത്വ സമ്മേളനത്തിന്റെ മുഖ്യസംഘാടകനായിരുന്നെങ്കിലും മറ്റൊരു കേസിൽ ആയിരിന്നു നരസിംഹാനന്ദിനെതിരെ ആദ്യം കേസ് എടുത്തിരുന്നത്. രണ്ടുദിവസം മുൻപ് ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾക്കെതിരെ സ്ത്രീകൾക്കെതിരെ അധിക്ഷേപം നടത്തിയെന്ന കുറ്റം മാത്രമായിരുന്നു നേരത്തെ ചുമത്തിയിരുന്നത്.
ഇന്നലെ യതി നരസിംഹാനന്ദിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിട്ടുണ്ട്. പക്ഷെ, റിമാൻഡ് അപേക്ഷയിൽ ധർമസൻസദ് വിദ്വേഷപ്രസംഗക്കേസും സൂചിപ്പിച്ചിട്ടുണ്ട്. കേസിൽ നേരത്തെ ഹിന്ദുമതത്തിലേക്ക് മാറിയ വസീം റിസ്‌വിയെ അറസ്റ്റ് ചെയ്തിരുന്നു. സുപ്രീംകോടതി ഇടപെടലിനെ തുടർന്നായിരുന്നു പരിപാടി നടന്ന് ആഴ്ചകൾക്കുശേഷം സംഭവത്തിൽ പൊലീസ് കേസ് എടുത്ത് നടപടി ആരംഭിച്ചത്. എന്നാൽ, പരിപാടിയുടെ മുഖ്യസംഘാടകനായ നരസിംഹാനന്ദിനെതിരെ ഇതുമായി ബന്ധപ്പെട്ട് ഒരു നടപടിയും എടുത്തിരുന്നില്ല.സംഭവം ഏറെ വിവാദമായതോടെ ഹരിദ്വാർ പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ പ്രകാരം മതവിദ്വേഷം പ്രചരിപ്പിച്ചതിന് കേസ് എടുക്കുകയും ചെയ്തു.