തിരുവനന്തപുരം:പ്രമേഹരോഗികളിലെ ഹൃദ്രോഗ സാധ്യത ലഘൂകരിക്കാനാകുന്ന സുപ്രധാന കണ്ടെത്തലുമായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ (ആര്‍ജിസിബി) ഗവേഷകര്‍ രംഗത്ത്.വിവിധ രോഗത്തിന് കാരണമായേക്കാവുന്ന ഈ മാംസ്യത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ച് കൃത്യമായ മരുന്നു നല്കി പ്രമേഹരോഗികളില്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കാനാകുമെന്നാണ് കണ്ടെത്തല്‍. ആര്‍ജിസിബി കാര്‍ഡിയോ വാസ്കുലാര്‍ ഡിസീസസ് ആന്‍ഡ് ഡയബെറ്റിസ് ബയോളജി പ്രോഗ്രാം വിഭാഗത്തിലെ ശാസ്ത്രജ്ഞരുടേതാണ് പഠനം.
പ്രമേഹബാധിതരിലെ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നതില്‍ “സൈക്ലോഫിലിന്‍ എ’ മാംസ്യം നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.ഹൃദയധമനികളുടെ ഭിത്തികളില്‍ അടിഞ്ഞുകൂടുന്ന കൊളസ്ട്രോള്‍ പാളിയിലെ വിള്ളലാണ് ഹൃദയാഘാതത്തിനു കാരണമാകുന്നത്. പ്രമേഹമുള്ളവര്‍ക്ക് രക്തക്കുഴല്‍ സംബന്ധമായ രോഗ സാധ്യതയും കൂടുതലാണ്. ഇവരിലെ അപകട സാധ്യത വര്‍ധിപ്പിക്കുന്നതിലും സൈക്ലോഫിലിന്‍ എക്ക് സുപ്രധാന പങ്കുണ്ട്. ഇതിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തി പാളിയിലെ വിള്ളല്‍ വഴിയുണ്ടാകുന്ന ഹൃദയാഘാത അപകട സാധ്യത കുറയ്ക്കാനാകും.
പ്രമേഹരോഗികളില്‍ രക്തക്കുഴലുകളുടെ വീക്കം കണ്ടെത്താന്‍ ഈ രീതി ക്ലിനിക്കലായി വികസിപ്പിക്കുന്നുണ്ടെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ഗവേഷണ കണ്ടെത്തലുകള്‍ രാജ്യാന്തര സെല്‍ ബയോളജി മാഗസിനായ “സെല്‍സ്’ അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് ഡോ. സൂര്യ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം വ്യക്തമാക്കി.
സൈക്ലോഫിലിന്‍ എ ഇമ്യൂണോഫിലിന് കുടുംബത്തില്‍പ്പെട്ട സര്‍വവ്യാപിയായ പ്രോട്ടീനാണ് സൈക്ലോഫിലിന്‍ എ (സിവൈപി എ). ശരീരത്തിന്റെ പ്രതിരോധശേഷിയെ ഇത് ബാധിക്കും. മനുഷ്യരിലും മൃഗങ്ങളിലും നിരവധി രോഗത്തിന് ഈ മാംസ്യം കാരണമാകുമെന്ന് വിവിധ പഠനം തെളിയിക്കുന്നുണ്ട്. ഹൃദയ സംബന്ധമായ അസുഖം, അണുബാധ, അര്‍ബുദം, ആര്‍ത്രൈറ്റിസ്, ആസ്ത്മ തുടങ്ങിയവയെല്ലാം ഈ പട്ടികയില്‍പ്പെടുന്നു.