ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ ഇളയ സഹോദരൻ മനോഹർ സിംഗ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. ബസ്സി പത്താന മണ്ഡലത്തിൽ നിന്നുമാണ് മനോഹർ സിംഗ് ജനവിധി തേടുക.
ഒരു കുടുംബത്തിൽ നിന്നും ഒരാൾക്ക് മാത്രം ടിക്കറ്റ് എന്ന നയത്തിന്റെ ഭാഗമായാണ് മനോഹർ സിംഗിന് ടിക്കറ്റ് നിഷേധിച്ചത്. ഇതുവരെ മനോഹർ സിംഗിന്റെ സ്ഥാനാർഥിത്വത്തോട് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ചരൺജിത് സിംഗ് ചന്നിക്കും അദ്ദേഹത്തിന്റെ സമുദായത്തിനും വൻ സ്വാധീനമുള്ള പുആദ് മേഖലയിൽ ഉൾപ്പെട്ട മണ്ഡലമാണ് ബസ്സി പത്താന.
ശനിയാഴ്ച പ്രഖ്യാപിച്ച ആദ്യത്തെ സ്ഥാനാർഥി പട്ടികയിൽ ബസ്സി പത്താനയിലെ സ്ഥാനാർഥിയായി ഉൾപ്പെടുത്തിയത് നിലവിലെ എം.എൽ.എ ഗുർപ്രീത് സിംഗിനെയാണ്.
ഗുര്‍പ്രീത് സിംഗ് കഴിവില്ലാത്തവാണെന്നും അദ്ദേഹത്തിന് സീറ്റ് കൊടുത്തത് അനീതിയാണെന്നും മനോഹർ സിംഗ് പറഞ്ഞു. നിരവധി പ്രമുഖര്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്. തീരുമാനത്തില്‍ മാറ്റമുണ്ടാകില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
.പഞ്ചാബ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 86 അംഗ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിരുന്നു. ഫെബ്രുവരി 14ന് ഒറ്റഘട്ടമായാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.