വിഴിഞ്ഞം: മുല്ലൂരിൽ ശാന്തകുമാരിയെ(71) അയൽവാസി സ്ത്രീയും മകനും ആൺ സുഹൃത്തും ചേർന്ന് വെള്ളിയാഴ്ച കൊലപ്പെടുത്തിയ കേസിൽ വീട്ടിലെ തട്ടിൽ ഒളിപ്പിച്ചതിന് പിന്നിൽ സ്വർണാഭരണം തട്ടി എടുക്കാനുള്ള ആസൂത്രണമായിരുന്നെന്ന് പൊലീസ്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവരെ വിളിച്ചുവരുത്തി കൊലപ്പെടുത്തി ഏഴരപ്പവൻ മോഷ്ട്ടിക്കുകയായിരിന്നു.
സംഭവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി റഫീഖാ ബീവി (50) ഇവരുടെ സുഹൃത്തും പാലക്കാട് സ്വദേശിയുമായ അൽ അമീൻ(26), റഫീക്കയുടെ മകൻ ഷഫീക്ക്(23) എന്നിവരെ കഴക്കൂട്ടത്ത് നിന്ന് വെള്ളിയാഴ്ച രാത്രി തന്നെ വിഴിഞ്ഞം പൊലീസ് പിടികൂടിയിരുന്നു. ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീടിന്റെ മേൽക്കൂര ഇന്നലെ രാവിലെ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ പൊളിച്ചാണ് ശാന്തകുമാരിയുടെ മൃതദേഹം പുറത്തെടുത്തത്. തുടർന്ന് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പ്രതികൾ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവിടെ.
പൊലീസ് പറയുന്നത്: വെള്ളിയാഴ്ച്ച രാവിലെ പത്തരയോടെ ശാന്തകുമാരിയെ പ്രതികൾ വീട്ടിലേക്ക് വിളിച്ച് വരുത്തി. സംസാരിച്ചു നിൽക്കേ ഷഫീക്കും അൽ അമീനും പിന്നിലൂടെ എത്തി ഷാൾ ഉപയോഗിച്ച് ശാന്തകുമാരിയുടെ കഴുത്തിൽ മുറുക്കി. ശാന്തകുമാരി ഉടുത്തിരുന്ന സാരിയുടെ തുമ്പ് ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തിരുകി. ഈ സമയം റഫീഖാബീവി ശാന്തകുമാരിയുടെ തലയിലും നെറുകയിലും ചുറ്റികകൊണ്ട് ശക്തിയായി അടിക്കുകയും ചെയ്തു എന്നാണ് പോലീസ് പറയുന്നത്.