കൊച്ചി: സീറോ മലബാർ സഭയിലെ കുർബാന ഏകീകരണ തർക്കത്തിൽ സമരം കടുപ്പിച്ച് അങ്കമാലി അതിരൂപത വൈദികർ. പള്ളികളിൽ ഇന്ന് ജനാഭിമുഖ കുർബാന നടത്തും. പ്രത്യേക ഇളവ് നൽകണമെന്ന ആവശ്യത്തിലുറച്ച് മരണം വേരെ നിരാഹാരം തുടരുമെന്ന് വൈദികർ വ്യക്തമാക്കി. നിലപാട് വ്യക്തമാക്കാതെ സിനഡ് മൗനം തുടരുകയാണ്.
ജനാഭിമുഖ കുര്‍ബാന അർപ്പിക്കാൻ എറണാകുളം അങ്കമാലി അതിരൂപതക്ക് ലഭിച്ച താല്കാലിക അനുമതി സ്ഥിരമാക്കണമെന്നാവശ്യപെട്ടാണ് അതിരുപതയിലെ വൈദികര്‍ അനിശ്ചിത നിരാഹാര സമരം നടത്തുന്നത്. സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. അതിരൂപതാ സംരക്ഷണ സമിതി നേതാക്കളായ ഫാ. ബാബു ജോസഫ് കളത്തില്‍ സ്വകാര്യ ആശുപത്രിയിലും ഫാ. ടോം മുള്ളന്‍ചിറ രൂപത ആസ്ഥാനത്തുമാണ് നിരാഹാരം നടത്തുന്നത്.
ഇതില്‍ ബാബു ജോസഫിന്റെ ആരോഗ്യനില തൃപ്തികരമല്ല. ഇന്നലെ സീറോമലബാര്‍ സിനഡ് പൂർത്തിയായെങ്കിലും ഏകീകൃക കുര്‍ബാനയിലുള്ള ഇളവ് സംബന്ധിച്ച് കാര്യമായ വിവരങ്ങളോന്നും പുറത്തുവിട്ടിട്ടില്ല. സിനഡ് ഇളവ് നല്‍കിയില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് അതിരൂപതയിലെ പുരോഹിതരുടെ തീരുമാനം. ഇന്ന് സിനഡ് യോഗത്തിലെ വിവരങ്ങള്‍ ലഭിച്ച ശേഷമാകും തുടര്‍ സമരപരിപാടികളെകുറിച്ച് പുരോഹിതര്‍ അന്തിമ തീരുമാനമെടുക്കുക.
അതേസമയം കുര്‍ബാന ഏകീകരണത്തെച്ചൊല്ലി സിറോ മലബാര്‍ സഭയ്ക്കുള്ളില്‍ വീണ്ടും ഭിന്നത. ജനാഭിമുഖ കുര്‍ബാനയ്ക്കായി സംസാരിച്ചവരെ സിനഡില്‍ അടിച്ചമര്‍ത്തിയെന്ന ആരോപണമുയര്‍ത്തി വൈദികര്‍ രംഗത്തെത്തിയതാണ് ഭിന്നത രൂക്ഷമാക്കിയത്. ചിലരുടെ സ്വാര്‍ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി എറണാകുളം- അങ്കമാലി അതിരൂപതയെ അടിച്ചമര്‍ത്തുകയാണെന്നാണ് വൈദികരുടെ ആരോപണം.
കുര്‍ബാന ഏകീകരണവുമായി ബന്ധപ്പെട്ട ഭിന്നതയെത്തുടര്‍ന്ന് മാര്‍പ്പാപ്പയ്ക്ക് കത്തയച്ചതിനെപ്പോലും സിനഡ് കുറ്റപ്പെടുത്തിയെന്നാണ് വൈദികരുടെ പരാതി. എറണാകുളം-അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരുമെന്നും വൈദികര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, കെ റെയില്‍ വിഷയത്തിൽ ജനാഭിപ്രായം തേടണം എന്ന പ്രസ്താവന ഇറക്കിയ സിനഡ് സഭയുടെ ആരാധനാക്രമ വിഷയത്തിൽ മൗനം പാലിക്കുന്നുവെന്ന് അതിരൂപത സംരക്ഷണ സമിതി ചെയർമാൻ ഫാദർ സെബാസ്റ്റ്യൻ തളിയൻ പറഞ്ഞിരുന്നു. വിശ്വാസികളെയും പുരോഹിതരെയും ചർച്ചയ്ക്ക് വിളിക്കാൻ പോലും സിനഡ് തയ്യാറാകുന്നില്ല. ബിഷപ്പ് ആൻ്റണി കരയിനെ മാറ്റാൻ സിനഡ് തീരുമാനിച്ചാൽ അപ്പോൾ പുരോഹിതർ ശക്തമായ നിലപാട് എടുക്കുമെന്നും ഫാ. സെബാസ്റ്റ്യൻ തളിയൻ വ്യക്തമാക്കിയിരുന്നു.