പമ്പ: ശബരിമലയിൽ ജ്യോതി തെളിഞ്ഞു. പൊന്നന്പലമേട്ടിൽ 6.50നാണ് ആദ്യ മകരവിളക് തെളിഞ്ഞത്. സന്നിധാനത്ത് ശ്രീകോവിലിൽ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനു ദീപാരാധന നടക്കുമ്പോഴായിരുന്നു മകരവിളക്ക് തെളിഞ്ഞത്. മകരജ്യോതി ദർശിക്കാൻ ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
ഉച്ച കഴിഞ്ഞ് 2.29 നായിരുന്നു മകരസംക്രമ പൂജ. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്നെത്തിച്ച നെയ് ഉപയോഗിച്ച് അയ്യപ്പന് അഭിഷേകം നടത്തി. മകര സംക്രമ പൂജയ്ക്ക് ശേഷം മൂന്ന് മണിക്ക് നട അടച്ചു. അഞ്ച് മണിക്കാണ് വീണ്ടും നട തുറന്നത്. പന്തളത്ത് നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ശരംകുത്തിയിലെത്തി. തുടർന്ന് ആചാരപരമായ വരവേൽപ് നൽകി സന്നിധാനത്തേക്ക് ആനയിച്ചു. സന്ധ്യയ്ക്ക് ആറരയ്ക്കായിരുന്നു തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. പിന്നാലെ പൊന്നമ്പല മേട്ടിൽ മകരജ്യോതി ദർശനം.
മകരജ്യോതി കാണാൻ സന്നിധാനത്തും പാണ്ടിത്താവളത്തും മറ്റ് പന്ത്രണ്ടിടങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട്. ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ സന്നിധാനത്തും പരിസരത്തും ഒരുക്കിയിട്ടുണ്ട്.
ഭക്തജനലക്ഷങ്ങളാണ് സന്നിധാനത്തും പരിസരങ്ങളിലും മകരവിളക്ക് ദര്‍ശനത്തിന് എത്തിയിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്തരുടെ കാര്യമായ തിരക്കുണ്ടായിരുന്നില്ല. എന്നാല്‍ ഇക്കുറി പതിനായരക്കണക്കിന് ഭക്തരാണ് മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്തെത്തിയത്.