ബോളിവുഡ് നടി മൗനി റോയ് വിവാഹിതയാകുന്നു. മലയാളിയായ സൂരജ് നമ്പ്യാരാണ് വരൻ. ദുബായിൽ ബാങ്കറാണ് സൂരജ്. ജനുവരി 27ന് ഗോവയിൽ വച്ചാണ് വിവാഹം എന്നാണ് റിപ്പോർട്ടുകൾ. ജനുവരി 28ന് സിനിമാ സുഹൃത്തുക്കൾക്കും മറ്റുമായുള്ള പാർട്ടി സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
സൂരജുമായി 2019 മുതൽ പ്രണയത്തിലാണ് മൗനി റോയ്. അടുത്തിടെയാണ് സുഹൃത്തുക്കൾക്കായി ഗോവയിൽ വച്ച് മൗനി തൻ്റെ ബാച്ചിലർ പാർട്ടി സംഘടിപ്പിച്ചത്. ഗോവയിലെ ഫൈവ് സ്റ്റാർ റിസോർട്ടിൽ വച്ചാണ് വിവാഹചടങ്ങുകൾ നടക്കുക. മൗനിയുടെ ഇൻഡസ്ട്രിയിലെ സുഹൃത്തുക്കൾക്ക് ഇതിനോടകം വിവാഹക്ഷണക്കത്ത് ലഭിച്ചുകഴിഞ്ഞു.
എന്നാൽ രഹസ്യമായി വയ്ക്കാനാണ് അവരോട് പറഞ്ഞിരിക്കുന്നത്. വിവാഹത്തിനെത്തുമ്പോൾ വാക്സിനെടുത്തതിൻ്റെ സർട്ടിഫിക്കറ്റ് കൂടി കൈയിൽ കരുതണമെന്ന് അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മൗനി റോയ് അഭിനയരംഗത്തെത്തിയത്.
ബാലാജി പ്രൊഡക്ഷന്‍സിൻ്റെ ‘നാഗിന്‍’ സീരീസിലൂടെയാണ് മൗനി പ്രശസ്തി ശ്രദ്ധനേടിയത്. ‘നാഗകന്യക’ എന്ന പേരിൽ ഈ സീരിയൽ മലയാളത്തിലും ശ്രദ്ധേയമായിരുന്നു. ഗോള്‍ഡ്, റോമിയോ ഇക്ബര്‍ വാള്‍ട്ടര്‍ തുടങ്ങിയ ചിത്രങ്ങളില്‍ മൗനി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തുന്ന ‘ബ്രഹ്മാസ്ത്ര’യാണ് മൗനിയുടെ ഏറ്റവും പുതിയ ചിത്രം.