കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ വിധി ഉടൻ. വിധി കേൾക്കുന്നതിനായി ഫ്രാങ്കോ മുളയ്ക്കൽ കോട്ടയത്തെ വിചാരണ കോടതിയിലെത്തി. പിൻവാതിൽ വഴിയാണ് ബിഷപ്പ് ഫ്രാങ്കോ കോടതിയിൽ പ്രവേശിച്ചത്. ബലാത്സംഗ കേസിൽ വിധി പ്രസ്താവിക്കാനിരിക്കെ, കോടതിയിൽ വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെ കോടതി പരിസരത്ത് കയറാൻ അനുവദിക്കില്ല. കലക്ട്രേറ്റിൽ ജോലിക്ക് എത്തുന്നവർക്കും തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. സുരക്ഷയ്ക്ക് വേണ്ടി നൂറോളം പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിക്കും. ജനക്കൂട്ടം എത്തിച്ചേരാനുള്ള സാധ്യക കണക്കിലെടുത്ത് കോടതി വളപ്പിൽ ബാരിക്കേഡ് കെട്ടി സുരക്ഷ വർധിപ്പിച്ചു. കോടതി മുറിയിലും വളപ്പിലും ബോംബ് സ്ക്വാഡും പരിശോധിച്ചു.
105 ദിവസത്തെ വിചാരണയിൽ 39 സാക്ഷികളെ വിസ്തരിച്ചു. 83 സാക്ഷികൾ ഉണ്ടായിരുന്നുവെങ്കിലും കൂറുമാറാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രോസിക്യൂഷൻ പലരേയും വിസ്തരിച്ചില്ല. 122 പ്രമാണങ്ങൾ കോടതി പരിശോധിച്ചു. കഴിഞ്ഞ മാസം 29ന് വിചാരണ അവസാനിപ്പിച്ച കോടതി. 10ാം തിയതി കൊണ്ട് അവസാന വാദവും പൂർത്തിയാക്കി.
2018 സെപ്റ്റംബർ 21നാണ് ഫ്രാങ്കോ അറസ്റ്റിലായത്. കന്യാസ്ത്രീകളെ സ്വാധീനിക്കാനും അപായപ്പെടുത്താനുമടക്കം ഇതിനിടെ നീക്കങ്ങളുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥനെതിരെയും ഭീഷണി വന്നു. എന്നാൽ ഇതെല്ലാം മറികടന്ന് 2019 ഏപ്രിൽ മാസത്തിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണ കൂടാതെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യം സുപ്രിം കോടതി വരെ തള്ളിയതോടെയാണ് വിചാരണ ആരംഭിച്ചത്. വൈക്കം ഡി വൈ എസ് പി ആയിരുന്ന കെ സുഭാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.