കണ്ണൂർ: കണ്ണൂർ മാടായിപ്പാറയിൽ കെ റെയിൽ അതിരടയാളക്കല്ലുകൾ വീണ്ടും പിഴുതു മാറ്റി. എട്ട് കല്ലുകളാണ് പിഴുത് റോഡിൽ കൂട്ടിയിട്ട് റീത്ത് വച്ചത്. സംഭവത്തിൽ പഴയങ്ങാടി പോലീസ് അന്വേഷണം തുടങ്ങി. ഇത് ആര് ചെയ്തു എന്നതിൽ വ്യക്തതയില്ല. നേരത്തെയും രണ്ടു തവണ കല്ലുകൾ പിഴുത് മാറ്റിയിരുന്നു.
അതേസമയം ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്ന ആളുകൾക്കെതിരെ കൃത്യമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അത്തരത്തിൽ കർശനമായ നിയമനടപടികളിലേക്ക് കടക്കുമോയെന്ന് അറിയേണ്ടതുണ്ട്. കഴിഞ്ഞ ആഴ്ച മാടായിപ്പാറയിൽ കെ-റെയിൽ സർവേകല്ല് പിഴുത സംഭവത്തിൽ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച വ്യക്തിക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. പിഴുതുമാറ്റിയ സർവേ കല്ലിൻ്റെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെയാണ് കേസ്.
പുത്തൻപുരയിൽ രാഹുലിനെതിരെയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. ‘പണി തുടങ്ങി’ എന്ന തലക്കെട്ടോടെയാണ് കെ-റെയിൽ സർവേ കല്ലിൻ്റെ ഫോട്ടോ രാഹുൽ തൻ്റെ ഫേസ്ബുക്ക് ടൈംലൈനിൽ പങ്കുവച്ചത്. രാഹുൽ കലാപാഹ്വാനം നടത്തിയെന്നാണ് പരാതി. സിൽവർ ലൈൻ പദ്ധതിയിയുടെ ഭാഗമായി കെ റെയിൽ എന്ന് രേഖപ്പെടുത്തിയ തൂണുകൾ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി ഇതിനിടെ ഇടക്കാല ഉത്തരവിറക്കിയിരുന്നു. കല്ല് നീക്കം ചെയ്യുന്നതിൽ നിലപാട് അറിയിക്കാൻ കെ റെയിൽ കമ്പനിക്ക് നിർദ്ദേശവും നൽകിയിരുന്നു.
സിൽവർ ലൈനിനായി 2832 കല്ലുകൾ സ്ഥാപിച്ചെന്നാണ് സർക്കാർ വ്യക്തമാക്കിയത്. എന്നാൽ വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞാണ് വലിയ അതിരടയാള തൂൺ സ്ഥാപിക്കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിച്ചും ഭീഷണിപ്പെടുത്തിയുമല്ല പദ്ധതി നടപ്പാക്കേണ്ടതെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഓർമ്മിപ്പിച്ചത്.