കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ വിധി ഇന്ന്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. 105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസിൽ കോടതി വിധി പറയുന്നത്. ബലാത്സംഗം ഉൾപ്പെടെ ഏഴ് വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയത്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും കേസിൽ നിർണായകമാണ്.
കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരിക്കുന്നത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 84 സാക്ഷികളാണുള്ളത്.
ഇതില്‍ 33 പേരെയാണ് വിസ്തരിച്ചത്. പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ നല്കിയ ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. ഇതോടെയായാണ് വിചാരണ ആരംഭിച്ചത്. 122 പ്രമാണങ്ങൾ കോടതി പരിശോധിച്ചു. കഴിഞ്ഞ മാസം 29ന് വിചാരണ അവസാനിപ്പിച്ച കോടതി. 10ാം തിയതി കൊണ്ട് അവസാന വാദവും പൂർത്തിയാക്കി. വൈക്കം ഡി വൈ എസ് പി ആയിരുന്ന കെ സുഭാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യവും കോടതി നിരസിച്ചു.
വിചാരണയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ നല്കിയ വിടുതല്‍ ഹര്‍ജി നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരെ നല്കിയ അപ്പീല്‍ സുപ്രീംകോടതിയും തള്ളി. ഇതേത്തുടര്‍ന്നാണ് വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ വീണ്ടും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും പരിഗണിച്ചില്ല. വിചാരണയ്ക്കിടെ ഫ്രാങ്കോ കുറ്റം നിഷേധിച്ചിരുന്നു. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണ്. ദൈവത്തിന് മുന്നിലെ സത്യം കോടതിയിലൂടെ തെളിയിക്കപ്പെടട്ടേ എന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു.