തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകനയോഗം നിർണ്ണായക തീരുമാനമെടുക്കും. സ്കൂളുകളിൽ നിയന്ത്രണം കൊണ്ടുവരുന്നതിലും തീരുമാനം വരും. ഞായറാഴ്ച അടച്ചിടൽ, രാത്രികാല കർഫ്യു അടക്കം വരുമോ എന്നുള്ളതാണ് അറിയേണ്ടത്.
കൂടുതല്‍ നിയന്ത്രണങ്ങള്‍ എന്നതു തന്നെയാണ് യോഗത്തിൻ്റെ അജണ്ട. സ്കൂള്‍ നിയന്ത്രണം, ഓഫിസുകളിലെ ഹാജര്‍നില കുറയ്ക്കല്‍, പൊതു ഇടങ്ങളിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ വാരാന്ത്യനിയന്ത്രണം തുടങ്ങി കടുത്ത നിര്‍ദേശങ്ങളാണ് ചീഫ് സെക്രട്ടറിയും ഡിജിപിയും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ മുന്നോട്ട് വയ്ക്കുന്നത്.
തിങ്കളാഴ്ചയാണ് കോവിഡ് അവലോകനയോഗം അവസാനം ചേര്‍ന്നത്. സ്കൂളുകള്‍ അടയ്ക്കുക, വാരാന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ തീരുമാനിച്ചില്ല. സ്വകാര്യ ചടങ്ങുകളില്‍ പങ്കാളിത്തം 50 പേരായി ചുരുക്കുക മാത്രമാണ് ചെയ്തത്. അന്ന് പ്രതിദിന രോഗബാധ ഇരട്ടിയായി കുതിച്ച് 12,000നു മുകളിലെത്തി. ടിപിആറും 17 പിന്നിട്ടു.