തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വന്‍ പ്രചാരണത്തിന് സര്‍ക്കാര്‍ നീക്കം. 50 ലക്ഷം കൈപ്പുസ്തകങ്ങള്‍ അച്ചടിച്ച് പൊതുജനത്തിന് വിതരണം ചെയ്യും. കൈപ്പുസ്തകം അച്ചടിക്കുന്നതിന് പബ്ലിക് റിലേഷന്‍ വകുപ്പ് ടെന്‍ഡര്‍ വിളിച്ചു. പൗര പ്രമുഖരുമായുള്ള ചർച്ചയ്ക്കും പൊതു യോഗങ്ങൾക്കും ശേഷമാണ് ഇത്തരത്തിലുള്ള പ്രചാരണ പരിപാടിക്ക് തയാറെടുക്കുന്നത്.
ബോധവത്കരണത്തിന് ആയി ലഘുലേഖകളും തയാറാക്കും. നേരത്തെ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങിയിരുന്നു. പൗര പ്രമുഖരുടെ യോഗം വിളിച്ചു. പൊതു യോഗങ്ങൾ ജില്ലകളിൽ വിളിച്ച് പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി.
എതിർപ്പു കണ്ട് പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. ഇതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിരുന്നു. അതിരടയാളക്കല്ലുകൾ എല്ലാം പിഴുതെറിയുമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ പ്രതികരണം. കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സർക്കാരിൻ്റെ പുതിയ നീക്കം.