ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പരിശോധനാ ചട്ടങ്ങളിൽ മാറ്റംവരുത്തി ഐസിഎംആർ. രോഗലക്ഷണങ്ങൾ ഇല്ലാത്തവർ പരിശോധന നടത്തേണ്ടതില്ലെന്നാണ് പുതിയ ചട്ടം. ആഭ്യന്തര യാത്രക്കാരെ പരിശോധനയിൽനിന്ന് ഒഴിവാക്കി. അന്താരാഷ്ട്ര യാത്രക്കാർക്ക് മാത്രമായിരിക്കും ഇനിമുതൽ പരിശോധന.
അടിയന്തിര ശസ്ത്രക്രിയയ്ക്കായുള്ള രോഗികള്‍ക്കും ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഇല്ലാത്ത മറ്റ് രോഗികള്‍ക്കും കൊവിഡ് പരിശോധന നടത്തേണ്ടതില്ല. കൊവിഡ് രോഗിയുമായി സമ്ബര്‍ക്കത്തില്‍ വന്നവരില്‍ പോലും ഗുരുതര രോഗലക്ഷണങ്ങള്‍ ഉള്ളവരിലും മുതിര്‍ന്ന പൗരന്മാരിലും മാത്രം പരിശോധന നടത്തിയാല്‍ മതിയെന്ന് ഐസിഎംആര്‍ പുതുക്കിയ ചട്ടങ്ങളില്‍ വ്യക്തമാക്കി.
ചികിത്സയുടെ ആവശ്യത്തിന് വേണ്ടി ജനിതക പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും രോഗികളെ നിരീക്ഷിക്കുന്നതിന് വേണ്ടി മാത്രം ഇത്തരം പരിശോധനകള്‍ നടത്തിയാല്‍ മതിയെന്നും ഐ സി എം ആര് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. പോസിറ്റീവ് ആയിട്ടുള്ള സാംപിളുകളില്‍ ഇന്‍സാകോഗിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാത്രമേ ജനിതക പരിശോധന നടത്താവൂ എന്നും കര്‍ശനമായി പറയുന്നുണ്ട്.