‘സിബിഐ’ അഞ്ചാം ഭാഗത്തിൻ്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിൽ മമ്മൂട്ടിയുടെ ലുക്ക് എങ്ങനെയാകും എന്ന ചോദ്യം കുറച്ച് ദിവസങ്ങളായി സജീവമാണ്. കഥാപാത്രത്തിന്‍റെ ലുക്കില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടാവുമോ എന്ന് അറിയാനുള്ള കാത്തിരിപ്പിലും കൗതുകത്തിലുമാണ് ആരാധകര്‍.
ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ പ്രചരിച്ചിരുന്നു. ഒപ്പം നിരവധി ഫാന്‍സ് പോസ്റ്റര്‍ ഡിസൈനുകളും. ഇപ്പോഴിതാ ചിത്രത്തിലെ തന്‍റെ കഥാപാത്രത്തിന്‍റെ ആദ്യ ഒഫിഷ്യല്‍ സ്റ്റില്‍ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. ചിത്രം പങ്കിട്ടെങ്കിലും ലുക്ക് ഇപ്പോഴും സസ്പെൻസായി തുടരുകയാണ്. ഇൻസ്റ്റഗ്രം പോസ്റ്റിലാണ് അദ്ദേഹം ചിത്രം പങ്കുവച്ചിരിക്കുന്നത്.
കെ മധുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. എസ് എൻ സ്വാമിയാണ് തിരക്കഥ ഒരിക്കിയിരിക്കുന്നത്. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് സിനിമ നിർമിക്കുന്നത്. എറണാകുളം, തിരുവനന്തപുരം, ഹൈദരാബാദ്, ന്യൂഡൽഹി എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിൽ ചിത്രീകരണം പൂർത്തിയാക്കും. ‘ഒഫിഷ്യല്‍ ലീക്ക്!’ എന്നാണ് ചിത്രത്തിന് മമ്മൂട്ടി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. അതേസമയം ചിത്രത്തിന്‍റെ പേര് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
അയ്യരുടെ ടീമിലെ ചാക്കോയായി മുകേഷ് വീണ്ടുമെത്തും. ചാക്കോയ്ക്കൊപ്പം പുതിയൊരു ടീം ആകും സേതുരാമയ്യർക്കൊപ്പം ഉണ്ടാവുക. രൺജി പണിക്കർ, അനൂപ് മേനോൻ, സായികുമാർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, രമേശ് പിഷാരടി, ജയകൃഷ്ണൻ, സുദേവ് നായർ, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂർ, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാർ, തന്തൂർ കൃഷ്ണൻ, ആശാ ശരത്ത്, അന്നാ രേഷ്മ രാജൻ, അൻസിബ ഹസൻ, മാളവിക മേനോൻ, മാളവിക നായർ, സ്വാസിക തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.