ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട അവസാന ഭീകരവാദിയും സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് പോലീസ്. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ സമീര്‍ ദര്‍ ആണ് ഡിസംബര്‍ മുപ്പതിന് അനന്ത്‌നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
അനന്ത്‌നാഗിലെ ദൂരുവില്‍ നടന്ന ഏറ്റുമുട്ടലില്‍ സമീറിനെ കൂടാതെ മറ്റു രണ്ടു ഭീകരവാദികള്‍ കൂടി കൊല്ലപ്പെട്ടിരുന്നു.
2019 ഫെബ്രുവരി പതിനാലിനാണ് പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. വാഹനവ്യൂഹത്തിനു നേര്‍ക്ക് ഭീകരാക്രമണം നടന്നത്. നാല്‍പ്പത് സി.ആര്‍.പി.എഫുകാര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് സമീര്‍ ആണെന്ന് പോലീസ് രേഖകളിലുള്ള ചിത്രങ്ങളില്‍നിന്ന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് ഡി.എന്‍.എ. പരിശോധനയിലൂടെ ഇക്കാര്യം ഉറപ്പിക്കുകയായിരുന്നു.
അതേസമയം, 2021ൽ 171 ഭീകരരെ വധിച്ചതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ഇതിൽ 19 പേർ പാകിസ്താൻ ഭീകരരാണ്. ഡിസംബർ 13 ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സെവാൻ ഭീകരാക്രമണത്തിൽ പങ്കെടുത്ത എല്ലാവരെയും വധിച്ചതായിയും ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
















