ശ്രീനഗർ: ജമ്മു കാഷ്മീരിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് 12 പേർ മരിച്ചു. പതിമൂന്നോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ നരെയ്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.
കത്രയിൽ ശനിയാഴ്ച പുലർച്ചെ 2.45ഓടെയാണ് അപകടം ഉണ്ടായത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ആളുകൾ തമ്മിൽ തർക്കം പൊട്ടിപ്പുറപ്പെടുകയും ഇത് തിക്കും തിരക്കും ഉണ്ടാകുകയുമായിരുന്നെന്ന് ജമ്മു കാഷ്മീർ ഡിജിപി ദിൽബാഗ് സിംഗ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
അതെ സമയം ജമ്മുവിലെ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ വൈദ്യസഹായവും സഹായവും ഉറപ്പുനൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
















