ദില്ലി: ആധാറും വോട്ടർ ഐ.ഡിയും ബന്ധിപ്പിക്കുന്നതിനുള്ള നിയമം ഇന്നുമുതൽ പ്രാബല്യത്തിൽ. ഇതിനുള്ള വിജ്ഞാപനം കേന്ദ്ര നിയമമന്ത്രാലയം (Law Ministry) പുറത്തിറക്കി. പ്രതിപക്ഷ എതിർപ്പുകൾ തള്ളയായിരുന്നു ആധാറും വോട്ടർ ഐഡിയും (aadhar Voter ID Linking) ബന്ധിപ്പിക്കുന്നതിനുള്ള ബില്ല് പാർലമെൻറ് പാസാക്കിയത്. ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയതിന് തൊട്ടുപിന്നാലെയാണ് നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുള്ള വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. ഇതോടെ ഇനിമുതൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുമ്പോൾ ആധാർ നമ്പർ കൂടി ഉദ്യോഗസ്ഥർക്ക് ആവശ്യപ്പെടാം.
അതേസമയം രാജ്യത്ത് ഏക വോട്ടർ പട്ടിക തയ്യാറാക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയെന്ന വിവരവും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ഇതിനായി പാർലമെൻററി സ്റ്റാൻറിംഗ് കമ്മിറ്റി നൽകിയ ശുപാർശയിൽ സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഒരു തെരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള സർക്കാർ നീക്കത്തിൻറെ ഭാഗമായാണ് ഇതെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് പരിഷ്കരണത്തിൻറെ ഭാഗമായി ദേശീയ തലത്തിൽ ഒറ്റ വോട്ടർ പട്ടിക എന്ന ശുപാർശ നിയമമന്ത്രാലയ പാർലമെൻററി സ്റ്റാൻറിംഗ് സമിതി നൽകിയത്. നിലവിൽ പാർലമെൻറ്-നിയസഭ തെരഞ്ഞെടുപ്പുകൾക്കും തദ്ദേശ തെരഞ്ഞെടുപ്പുകൾക്കും വ്യത്യസ്ഥ വോട്ടർ പട്ടികയാണ്. ഇതിന് പകരം എല്ലാ തെരഞ്ഞെടുപ്പുകൾക്കും ഒറ്റ വോട്ടർ പട്ടിക മതിയെന്നാണ് പാർലമെൻററി സമിതിയുടെ ശുപാർശ. ഇതിൻറെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നത്. ആധാറും വോട്ടർ ഐഡിയും ബന്ധപ്പിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് ബില്ല് പ്രതിപക്ഷത്തിൻറെ ശക്തമായ എതിർപ്പ് തള്ളിയാണ് പാർലമെന്റിൽ പാസായത്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിലേക്ക് രാജ്യം മാറണമെന്ന് ഏഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇപ്പോൾ നിലവിൽ വന്ന തെരഞ്ഞെടുപ്പ് പരിഷ്കരണ ബില്ലും, ഒറ്റ വോട്ടർ പട്ടിക ചർച്ചകളും അതിനുള്ള തയ്യാറെടുപ്പുകളായി പ്രതിപക്ഷം കാണുന്നു. ജനുവരി അവസാനം തുടങ്ങുന്ന പാർലമെൻറിൻറെ ബജറ്റ് സമ്മേളനത്തിൽ ഇത്തരം വിഷയങ്ങളിൽ പ്രതിഷേധം കടുപ്പിക്കാൻ തന്നെയാണ് പ്രതിപക്ഷ തീരുമാനം.
















