ദില്ലി: ഇന്ത്യയില്‍ വരാന്‍ പോകുന്നത് മൂന്നാം തരംഗമെന്ന് പഠനം. വന്‍ നഗരങ്ങളിലെ കേസുകള്‍ ആശങ്കപ്പെടുത്തുന്ന വിധമാണ് വര്‍ധിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.പല സംസ്ഥാനങ്ങളിലും ഉയര്‍ന്ന് കൊണ്ടിരിക്കുന്ന കേസുകള്‍ അടുത്തൊന്നും കുറയില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇപ്പോള്‍ രാജ്യത്തുണ്ടായിരിക്കുന്ന കേസുകളുടെ വ്യാപന രീതി യൂറോപ്പിലൊക്കെ വന്ന തരംഗത്തിന് സമാനമാണ്. പക്ഷേ യൂറോപ്പിലും യുഎസ്സിലും ഇപ്പോള്‍ രേഖപ്പെടുത്തുന്ന കേസുകളില്‍ വലിയ മാറ്റമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ മൂന്നാം തരംഗമുണ്ടായിട്ടില്ലെന്ന വാദത്തിലാണ്. എന്നാല്‍ അത്തരമൊരു ഘട്ടത്തിലാണ് ഇന്ത്യ ഇപ്പോഴുള്ളത്.
ആദ്യ രണ്ട് തരംഗങ്ങള്‍ ഉണ്ടായതിന് സമാനമാണ് ഇപ്പോഴത്തെകാര്യങ്ങള്‍. എന്നാല്‍ ഈ തരംഗത്തിന്റെ വ്യാപ്തി ഇപ്പോഴും പ്രവചിക്കാനായിട്ടില്ല. ഒരുപക്ഷേ രണ്ടാം തരംഗത്തേക്കാള്‍ നീണ്ടേക്കും. മരണങ്ങള്‍ കുറയാന്‍ സാധ്യതയുമുണ്ട്.
ഇന്ത്യയിലും വന്‍ നഗരങ്ങളിലാണ് കേസുകള്‍ അതി വ്യാപനമുണ്ടായിരിക്കുന്നത്. ആശങ്കപ്പെടുത്തുന്ന ഏറ്റവും വലിയ കാര്യം അതാണ്. ദില്ലി, മുംബൈ, ബെംഗളൂരു, പൂനെ, കൊല്‍ക്കത്തെ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ഒമൈക്രോണ്‍ കേസുകള്‍ അടക്കം കുതിക്കുകയാണ്. ഈ നഗരങ്ങളുടെ വലിപ്പമോ ജനസംഖ്യ കൂടുതലായതോ അല്ല പുതിയ കേസുകള്‍ വര്‍ധിക്കാനുള്ള കാരണം. ഈ നഗരങ്ങളിലേക്കാണ് വിദേശത്ത് നിന്ന് ഏറ്റവുമധികം ആളുകള്‍ എത്തുന്നത്.
















