റായ്പൂര്‍: രാഷ്ട്രപിതാവിനെ നിന്ദിച്ച സംഭവത്തില്‍ ആള്‍ദൈവം കാളീചരണ്‍ മഹാരാജിനെ ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഖജുരാഹോയില്‍ നിന്ന് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അധിക്ഷേപ പരാമര്‍ശത്തില്‍ കാളിചരണിനെതിരെ റായ്പൂർ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
മഹാരാജിനെ റായ്പൂരിലേക്ക് കൊണ്ടുപോകും. മത സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരുന്നത്. റായ്പുരില്‍ രണ്ടു ദിവസത്തെ ധര്‍മ സന്‍സദ് ക്യാമ്പിലായിരുന്നു കാളിചരണ്‍ മഹാരാജിൻ്റെ വിവാദ പ്രസംഗം. മോഹൻദാസ് കരംചന്ദ് ഗാന്ധി രാജ്യം നശിപ്പിച്ചു, അദ്ദേഹത്തെ കൊന്ന നാഥുറാം ഗോദ്സെക്ക് അഭിവാദ്യങ്ങൾ എന്നായിരുന്നു വിവാദ പരാമര്‍ശം.
കേസെടുത്തതിനാൽ അഭിപ്രായം മാറ്റില്ലെന്നും പരാമര്‍ശത്തില്‍ ഖേദമില്ലെന്നും സാധു കാളീചരൺ പറഞ്ഞിരുന്നു. മഹാരാഷ്ട്ര എൻസിപി നേതാവും മന്ത്രിയുമായ ജിതേന്ദ്ര ഔഹാദ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. വൈകുന്നേരത്തോടെ ഇയാളെ കോടതിയില്‍ ഹാജരാക്കും.
















