തലച്ചോറിന്റെ സാധാരണയായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് വൈദ്യുതി പ്രവാഹത്തിലൂടെയാണ്. ഈ വൈദ്യുതി പ്രവാഹത്തില്‍ എന്തെങ്കിലും വ്യതിയാനങ്ങള്‍ സംഭവിക്കുമ്ബോഴാണ് അപസ്മാരം എന്ന രോഗം ഉണ്ടാകുന്നത്.
രോഗിയുടെ രണ്ട് കൈയും കാലും ബലം പിടിക്കുക, കണ്ണ് മുകളിലേക്ക് മറിഞ്ഞുപോകുക, വായില്‍ നിന്ന് നുരയും പതയും വരിക, നാവ് കടിച്ചു മുറിക്കുക, അതോടൊപ്പം മലമൂത്ര വിസര്‍ജനം അറിയാതെ ഉണ്ടാകുക. തുടര്‍ന്ന് രോഗിയ്ക്ക് ബോധക്ഷയം സംഭവിക്കുകയും ചെയ്യുന്നു. പക്ഷേ, ഇതല്ലാതെ തന്നെ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ചില ലക്ഷണങ്ങള്‍ കൂടി അപസ്മാരത്തിലുണ്ട്.
അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുട്ടികളില്‍ കാണുന്ന ആബ്‌സന്റ്‌സ് സീസേര്‍സ് എന്ന അപസ്മാരം. ഇത് പലപ്പോഴും മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടാതെ പോകുന്ന ഒരു രോഗമാണ്. പല സമയങ്ങളിലും അധ്യാപകരാണ് ഇത് ശ്രദ്ധിക്കുന്നത്. ഇതിന്റെ ലക്ഷണങ്ങള്‍ കുട്ടി പഠനത്തില്‍ പുറകോട്ട് പോകുന്നത്, ക്ലാസില്‍ ശ്രദ്ധിക്കാതിരിക്കുക, ഒരു ഭാഗത്തേക്ക് മാത്രം തുറിച്ചുനോക്കുക ഇതെല്ലാമാണ്. ഇത് തുടക്കത്തില്‍ തന്നെ കണ്ടുപിടിച്ച് അതിന് കൃത്യമായ ചികിത്സ നല്‍കിയാല്‍ പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്.
അതുപോലെ തന്നെ മറ്റൊരു അപസ്മാര രോഗമാണ് ജുവനെല്‍ മൈക്ലോണിക് എപിലെപ്‌സി. ഇതിന്റെ ലക്ഷണങ്ങള്‍ രാവിലെ എഴുന്നേല്‍ക്കുമ്ബോള്‍ കൈയ്ക്ക് പെട്ടെന്ന് വെട്ടല്‍ അനുഭവപ്പെടുക, പല്ലുതേയ്ക്കുമ്ബോള്‍ ബ്രഷ് കൈയില്‍ നിന്ന് തെറിച്ചുപോകുക എന്നിവയെല്ലാം ഈ രോഗമുള്ളവര്‍ക്ക് അനുഭവപ്പെടുന്നു.
അപസ്മാരത്തിന്റെ മറ്റൊരു വകഭേദമാണ് കോപ്ലക്‌സ് പാര്‍ഷ്യല്‍ സീസേര്‍സ്. ഇതില്‍ രോഗി ചുറ്റുപാടില്‍നിന്ന് പരസ്പര വിരുദ്ധമായി സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതായി കാണുന്ന അവസ്ഥയാണ്. പത്തോ പതിനഞ്ചോ മിനിട്ടു കഴിഞ്ഞാല്‍ സാധാരണ ഗതിയിലേക്ക് മാറുകയും ചെയ്യുന്നു.
ആറ് മാസം മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികളില്‍ സാധാരണയായി കാണുന്ന അപസ്മാരമാണ് ഫെബ്‌റൈല്‍ സീസിയേര്‍സ്. ഇത് സാധാരണ കുട്ടികളില്‍ പനി വരുമ്ബോള്‍ മാത്രം കാണുന്ന അപസ്മാരമാണ്. അതിനാല്‍ തന്നെ ഇത് ഭയപ്പെടേണ്ട അപസ്മാരമല്ല. ഇതിന്റെ പ്രധാനപ്പെട്ട ചികിത്സ കുട്ടികയ്ക്ക് പനി ഒരു പരിധി വരെ വര്‍ധിയ്ക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണ്.
പ്രായമായവരിലും പല കാരണങ്ങള്‍കൊണ്ടും അപസ്മാരം വരാം. തലച്ചോറില്‍ എന്തെങ്കിലും മുഴകള്‍, തലച്ചോറില്‍ ട്യൂമര്‍, സ്‌ട്രോക്ക് ഉണ്ടാകുക, മസ്തിഷ്‌കത്തിന് ക്ഷതം സംഭവിച്ചവര്‍ ഇതെല്ലാം പില്‍ക്കാലത്ത് അപസ്മാരത്തിന് കാരണമാകാം. അതുപോലെ രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറയുക, രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയുക തുടങ്ങിയവയെല്ലാം പ്രായമായവരില്‍ അപസ്മാരം വരാന്‍ കാരണമാകുന്നു.
















