ചെന്നൈ: വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങള്‍ കുറ്റകരമായ മെസേജുകള്‍ അയക്കുകയാണെങ്കില്‍ അതിന് ഗ്രൂപ്പിന്‍റെ അഡ്മിന്‍ ഉത്തരവാദിയാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം കേസുകളില്‍ അഡ്മിന്‍ വിചാരണ നേരിടേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ഗ്രൂപ്പിൻ്റെ പ്രവർത്തനത്തിൽ അഡ്മിന് പരിമിതമായ നിയന്ത്രണം മാത്രമേയുള്ളൂ. അതിനാൽ സംയുക്തമായ ആസൂത്രണത്തിൻ്റെ ഭാഗമാണെന്ന് തെളിയാതെ, മറ്റൊരാളുടെ സന്ദേശത്തിൻ്റെ പേരിൽ അഡ്മിനെതിരേ നടപടിയെടുക്കാൻ പാടില്ലെന്നും ഹൈക്കോടതി മധുര ബെഞ്ച് വിധി പ്രസ്താവിച്ചു.
ഗ്രൂപ്പിൽ മറ്റൊരാൾ പോസ്റ്റുചെയ്ത സന്ദേശത്തിന്റെ പേരിൽ ക്രിമിനൽ നടപടി നേരിട്ട അഭിഭാഷകനായ രാജേന്ദ്രൻ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ ആണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. കരൂരിലെ അഭിഭാഷകരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ പച്ചയപ്പൻ എന്നയാൾ പോസ്റ്റുചെയ്ത സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ ലഭിച്ച പരാതിയെ തുടർന്ന് ഇയാൾക്കും ഗ്രൂപ്പ് അഡ്മിൻ രാജേന്ദ്രനുമെതിരേ പോലീസ് കേസെടുത്തിരുന്നു.
തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാജേന്ദ്രൻ ഹർജി നൽകിയത്. രണ്ട് സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കുന്ന തരത്തിലുള്ള ഉള്ളടക്കം പച്ചയപ്പൻ എന്നയാള്‍ പോസ്റ്റ് ചെയ്തു എന്നാരോപിച്ച് ഇതേ ഗ്രൂപ്പിലെ മറ്റൊരു അഭിഭാഷകനാണ് ഹർജി നല്‍കിയത്. തുടര്‍ന്നാണ് പച്ചയപ്പനും ഗ്രൂപ്പ് അഡ്മിനായ രാജേന്ദ്രനുമെതിരെ കാരൂര്‍ പോലീസ് കേസെടുത്തത്.
ഇതിനെതിരേ രാജേന്ദ്രൻ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ഗ്രൂപ്പിൽ ആളുകളെ ചേർക്കുക, നീക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിനുമാത്രമാണ് അഡ്മിന് വിശേഷാധികാരമുള്ളതെന്നും അംഗങ്ങളുടെ സന്ദേശങ്ങളിൽ തിരുത്തൽ വരുത്താൻ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയത്. ബോംബെ ഹൈക്കോടതി മുമ്പ് പുറപ്പെടുവിച്ച സമാന ഉത്തരവും ജസ്റ്റിസ് സ്വാമിനാഥൻ ഉദ്ധരിച്ചു.
അതേസമയം രാജേന്ദ്രനെതിരെ മറ്റ് തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിന് സാധിക്കുകയാണെങ്കില്‍ ഇദ്ദേഹത്തെ ഉള്‍പ്പെടുത്തി കേസെടുത്ത് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. പച്ചയപ്പൻ പോസ്റ്റുചെയ്ത സന്ദേശം രാജേന്ദ്രനുമായി ചേർന്ന് നടത്തിയ ആലോചനയെത്തുടർന്നാണെന്നാണ് പോലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്. അതിനാൽ ഫോറൻസിക് പരിശോധനാ ഫലത്തിനായി കാത്തിരിക്കയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഗൂഢാലോചന കണ്ടെത്തിയിട്ടില്ലെങ്കിൽ അഡ്മിനായ രാജേന്ദ്രൻ്റെ പേര് എഫ്ഐആറിൽനിന്ന് ഒഴിവാക്കാൻ കോടതി നിർദേശം നൽകി.
2020 ആഗസ്റ്റിലാണ് പച്ചയപ്പനും രാജേന്ദ്രനുമെതിരെ പോലീസ് കേസെടുത്തത്. മെസേജ് അയച്ചതിനെ തുടര്‍ന്ന് പച്ചയപ്പനെ ആദ്യം ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു. ഗ്രൂപ്പ് അഡ്മിന് അംഗം പോസ്റ്റ് ചെയ്ത മെസേജ് സംബന്ധിച്ച് നേരത്തെ അറിവില്ലെങ്കില്‍, പോസ്റ്റിന് സമ്മതം നല്‍കുന്ന ഇടപെടല്‍ അഡ്മിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെങ്കില്‍ അഡ്മിന്‍ കുറ്റക്കാരനല്ല എന്നാണ് കോടതി വ്യക്തമാക്കിയത്.
















