ന്യൂഡല്‍ഹി: 15-18 വയസ് പ്രായമുള്ളവർക്കുള്ള വാക്‌സിൻ നല്‍കുന്നത് സംബന്ധിച്ച് അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളുമായി യോഗം ചേർന്നു. പ്രതിരോധ കുത്തിവെപ്പ് നൽകാനും, ആരോഗ്യ പ്രവർത്തകർ, മുൻനിര തൊഴിലാളികൾ, മറ്റ് രോഗങ്ങൾ ഉള്ള 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ടവർക്ക് മുൻകരുതൽ ആയി മൂന്നാം ഡോസ് നൽകുന്നത് സംബന്ധിച്ചും അവലോകനം യോഗം ചേർന്നു.
കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷൺ, എല്ലാ സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും വീഡിയോ കോൺഫറൻസിലൂടെയാണ് സംവദിച്ചത്.
15-18 വയസ് പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ 2022 ജനുവരി 3 തിങ്കളാഴ്ച മുതൽ ആരംഭിക്കും. മുൻകരുതലായി 3-ാം ഡോസ് നൽകുന്നത് 2022 ജനുവരി 10 തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഇത് സംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ 2021 ഡിസംബർ 27-ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ചു.
15-18 വയസ് പ്രായമുള്ളവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന്റെ പശ്ചാത്തലത്തിൽ, ഈ ജനസംഖ്യാ വിഭാഗത്തിൽ ‘കോവാക്സിൻ’ മാത്രമേ നൽകാവൂ എന്നും എല്ലാ സംസ്ഥാനങ്ങളിലേക്കും ‘കോവാക്സിൻ’ അധിക ഡോസുകൾ അയയ്ക്കുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളെ/ കേന്ദ്രഭരണ പ്രദേശങ്ങളെ അറിയിച്ചു.
‘കോവാക്‌സിൻ’ വിതരണ ഷെഡ്യൂൾ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും അടുത്ത കുറച്ച് ദിവസങ്ങളിൽ കേന്ദ്ര ഗവൺമെന്റ് അറിയിക്കും. അർഹതയുള്ള ഗുണഭോക്താക്കൾക്ക് 2022 ജനുവരി 1 മുതൽ കോ -വിൻ പോർട്ടലിൽ സ്വയം രജിസ്റ്റർ ചെയ്യാം, അല്ലെങ്കിൽ ജനുവരി 3 മുതൽ വാക്സിനേഷൻ ആരംഭിക്കുമ്പോൾ വാക്ക്-ഇൻ രജിസ്ട്രേഷൻ പ്രയോജനപ്പെടുത്താം. ഈ വിഭാഗത്തിന് കീഴിൽ 2007-ലോ അതിനുമുമ്പോ ജനിച്ചവർക്ക് വാക്സിനേഷന് അർഹതയുണ്ട്.
15-18 വയസ്സ് പ്രായമുള്ളവർ, വാക്സിനേഷൻ സംബന്ധിച്ച എല്ലാ വ്യവസ്ഥാപിത പ്രോട്ടോക്കോളുകളും പാലിക്കേണ്ടതാണ്; ഗുണഭോക്താക്കൾ AEFI-യുടെ നിരീക്ഷണത്തിന് അരമണിക്കൂറോളം കാത്തിരിക്കണം. 28 ദിവസത്തിന് ശേഷം മാത്രമേ രണ്ടാമത്തെ ഡോസിന് യോഗ്യത ലഭിക്കൂ. ചില കോവിഡ് വാക്സിനേഷൻ സെന്ററുകളെ (സിവിസി) 15-18 പ്രായക്കാർക്കായി മാത്രം പ്രയോജനപ്പെടുത്താനാകും എന്ന് സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട്. അത് സംബന്ധിച്ച വിവരങ്ങൾ കോവിൻ പോർട്ടലിൽ പ്രദർശിപ്പിക്കണം. 15-18 പ്രായ വിഭാഗത്തിന് പുറമെ മറ്റു വിഭാഗത്തിൽ പെട്ടവർക്കും പ്രതിരോധകുത്തിവെപ്പ് സേവനം നൽകാൻ ഉദ്ദേശിക്കുന്ന കേന്ദ്രങ്ങളിൽ, 15-18 പ്രായക്കാർക്കു വേണ്ടി പ്രത്യേക വരിയും, വാക്സിൻ നൽകാനായി പ്രത്യേകം ആരോഗ്യ വിദഗ്ധരെയും സജ്ജമാക്കണം എന്ന് സംസ്ഥാനങ്ങളോട് ആരോഗ്യമന്ത്രാലയം അഭ്യർത്ഥിച്ചു.
















