ന്യൂഡൽഹി: നീറ്റ് -പി ജി കൗണ്‍സിലിംഗ് വൈകുന്നതിനെതിരെ ഡല്‍ഹിയില്‍ റസിഡന്റ് ഡോക്ടര്‍മാരുടെ സമരം ശക്തമാകുന്നു. സമരം നടത്തിയവരെ പോലീസ് കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് ഇന്നലെ രാത്രി ആരോഗ്യ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു.മാര്‍ച്ച് സരോജിനി നഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തടഞ്ഞതോടെ കുത്തിയിരിപ്പ് സമരം നടത്തി . ഇന്ന് രാവിലെ എംയിസ് ഉള്‍പെടെയുള്ള ആശുപത്രികളിലെ ഡോക്ടര്‍മാരുമായി യോഗം ചേര്‍ന്ന് തുടര്‍ സമരപരിപാടികള്‍ പ്രഖ്യാപിക്കും.
ഡ്യൂട്ടി ബഹിഷ്ക്കരിച്ചാണ് റസിഡന്റ് ഡോക്ടർമാരുടെ സമരം. 24 മണിക്കൂറിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ബുധനാഴ്ച മുതൽ എംയിസിലും അത്യാഹിത വിഭാഗം ഒഴികെ എല്ലാ സേവനങ്ങളും ബഹിഷ്ക്കരിക്കാനാണ് സമരക്കാരുടെ തീരുമാനം.അതേസമയം തിങ്കളാഴ്ച നടന്ന ഐടിഒ സംഘർഷത്തിൽ ഡോക്ടർമാർക്കെതിരെ ഡൽഹി പോലീസ് കേസെടുത്തിരുന്നു. പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
















