പാറ്റ്ന: ബിഹാറിലെ മുസാഫർപൂരിൽ നൂഡിൽസ് ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ഏഴ് മരണം. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ മുസാഫർപൂർ ജില്ലാ മജിസ്ട്രേറ്റ് പ്രണവ് കുമാർ പുറത്തുവിട്ടു.
ശനിയാഴ്ച രാത്രി 10 മണിയോട് കൂടിയായിരുന്നു സംഭവം. മുസാഫർപൂരിലെ ബേല എന്ന സുപ്രധാന വ്യവസായ മേഖലയിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയുടെ ശബ്ദം അഞ്ച് കിലോമീറ്ററിലധികം കേട്ടതായി പ്രദേശവാസികൾ പറയുന്നു.
പൊട്ടിത്തെറിയുടെ ആഘാതത്തിൽ തൊട്ടടുത്തുണ്ടായ മില്ലും തകർന്നതായാണ് വിവരം. മില്ലിനകത്ത് കിടന്നുറങ്ങുകയായിരുന്നു രണ്ട് തൊഴിലാളികൾക്കും പരിക്കേറ്റിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി ജില്ലാ മജിസ്ട്രേറ്റ് പ്രണവ് കുമാർ പറഞ്ഞു.
















