രാമനാഥപുരം: തമിഴ്‌നാട് രാമനാഥപുരത്ത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ അധ്യാപകനെ അറസ്റ്റ് ചെയ്തു. 15 വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്നാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. ശിശുക്ഷേമ സമിതി നടത്തിയ അവബോധ പരിപാടിക്കിടെയാണ് സ്‌കൂളിലെ ഗണിത, സാമൂഹ്യശാസ്ത്ര അധ്യാപകര്‍ക്കെതിരെ 15 വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്.
ക്ലാസെടുക്കുന്നതിനിടെ ഈ അധ്യാപകര്‍ ദ്വയാര്‍ത്ഥത്തില്‍ സംസാരിക്കുകയും ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും സ്‌കൂള്‍ സമയത്തിന് ശേഷം അനാവശ്യമായി ഫോണ്‍ ചെയ്യുകയും ചെയ്യാറുണ്ടെന്ന് കുട്ടികള്‍ പരാതിപ്പെട്ടു.
തുടർന്ന് പൊലീസ് സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകനെ അറസ്റ്റ് ചെയ്തു. മറ്റേയാൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍, ശിശു സംരക്ഷണ ഓഫിസര്‍ എന്നിവരും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.
















