കഴിഞ്ഞ മൂന്ന് മാസമായി ഇന്ത്യൻ തലസ്ഥാനമായ ഡൽഹിയുടെ ഉയർന്ന വ്യവസായിക പ്രദേശമായ ഗുഡ്ഗാവിൽ മുസ്ലീങ്ങളുടെ പ്രാർത്ഥന തടസ്സപ്പെടുത്താൻ എല്ലാ വെള്ളിയാഴ്ചയും ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകളിൽ പെട്ട ഒരു കൂട്ടം ആളുകൾ കൃത്യമായി ഒത്തുകൂടുന്നുണ്ട്. പ്രാർത്ഥന നടക്കുമ്പോൾ അവർക്കെതിരെ പാകിസ്താനിയെന്നും ജിഹാദിയെന്നും മുദ്രവാക്യം വിളിക്കുകയും അക്രമം നടത്തുകയുമാണ് തീവ്രഹിന്ദു വിഭാഗം ചെയ്യുന്നത്.
ഗുഡ്ഗാവിലെ സാധാരണക്കാരും തൊഴിലാളികളുമായി മുസ്‌ലിംകൾ വർഷങ്ങളായി ഈ ഒഴിഞ്ഞ സ്ഥലങ്ങളിൽ പ്രാർത്ഥന നടത്തിവരുണ്ട്. എന്നാൽ കഴിഞ്ഞ മൂന്ന് മാസക്കാലത്തോളമായി സംഘടിതവും ആസൂത്രിതവുമായ ആക്രമണമാണ് നടക്കുന്നത്. കാർ പാർക്കിങ് ഏരിയകൾ, ഫാക്ടറികൾക്ക് സമീപമുള്ള സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ, മാർക്കറ്റുകൾ, പാർപ്പിട പരിസരങ്ങൾ എന്നിവടങ്ങളിലായാണ് വെള്ളിയാഴ്ചകളിൽ മാത്രം പ്രാർത്ഥന നടക്കുന്നത്.
“അവർ മുദ്രാവാക്യം വിളിക്കുകയും പ്രവേശനം തടയാൻ വാഹനങ്ങൾ പാർക്ക് ചെയ്യുകയും വിശ്വാസികളെ ജിഹാദികളെന്നും പാകിസ്ഥാനികളെന്നും വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തു. പോലീസ് സംരക്ഷണത്തിലാണ് ഇപ്പോൾ പ്രാർത്ഥനകൾ നടക്കുന്നത്. ഇത് ഭയാനകമായ സാഹചര്യമാണ്. ഗുഡ്ഗാവിൽ ഇത് സംഭവിക്കുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല” പ്രാദേശിക കമ്മ്യൂണിറ്റി ഗ്രൂപ്പായ ഗുഡ്ഗാവ് മുസ്ലീം കൗൺസിലിന്റെ സഹസ്ഥാപകൻ അൽത്താഫ് അഹ്മദ് പറയുന്നു.
ഡൽഹിയിൽ നിന്ന് ഏകദേശം 15 മൈൽ തെക്ക് സ്ഥിതി ചെയ്യുന്ന ഗുഡ്ഗാവിന്റെ ചില ഭാഗങ്ങൾ മൂന്ന് പതിറ്റാണ്ടിനുള്ളിൽ ഗ്രാമത്തിൽ നിന്നും അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ബിസിനസ് പ്രാന്തപ്രദേശമായി വളർന്ന സ്ഥലമാണ്. തിളങ്ങുന്ന ഗ്ലാസ് ആൻഡ് ക്രോം ഓഫീസ് ടവറുകൾ, ആഡംബര ഷോപ്പുകൾ, ഉയർന്ന ഉയരമുള്ള അപ്പാർട്ടുമെന്റുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്ന ഈ “മില്ലേനിയം സിറ്റി” യിൽ ഒരു ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്നുണ്ട്. ഒരു കണക്കനുസരിച്ച്, ഇവിടെ അഞ്ച് ലക്ഷത്തോളം മുസ്ലീങ്ങൾ, പ്രധാനമായും നിർമാണത്തൊഴിലാളികൾ, കൈത്തറി തൊഴിലാളികൾ, കൂലിത്തൊഴിലാളികൾ, ഇവിടെ താമസിക്കുന്നു.
എന്നാൽ ഇന്ന് ഗുഡ്ഗാവ് നമസ്കാരത്തിന്റെയും പ്രാർത്ഥനയുടെയും കാര്യത്തിൽ ഒരു പുതിയ പ്രശ്ന ബാധിത പ്രദേശമായി മാറുകയാണ്.
“ഞങ്ങൾ മുസ്ലീങ്ങൾക്കോ നമസ്കാരത്തിനോ എതിരല്ല. എന്നാൽ തുറന്ന സ്ഥലത്ത് പ്രാർത്ഥന നടത്തുന്നത് ‘ലാൻഡ് ജിഹാദ്’ ആണ്,” പ്രതിഷേധിക്കുന്ന ഹിന്ദു ഗ്രൂപ്പുകളുടെ നേതാക്കളിൽ ഒരാളായ കുൽഭൂഷൺ ഭരദ്വാജ് പറയുന്നു. മുസ്‌ലിംങ്ങളെ ലക്ഷ്യമിട്ട് നേരത്തെ ഹിന്ദു തീവ്രവാദികൾ ഉന്നയിച്ച കാമ്പില്ലാത്ത ലവ് ജിഹാദിനും, ഗോ രക്ഷക്കും ശേഷം ശേഷമുള്ള പുതിയ ആരോപണമാണ് ലാൻഡ് ജിഹാദ്.
മുൻകാലങ്ങളിൽ, ഹിന്ദു തീവ്രവാദികൾ “ലവ് ജിഹാദിന്” എതിരായി പ്രസ്ഥാനങ്ങൾ ആരംഭിച്ച് മുസ്ലീങ്ങളെ ലക്ഷ്യം വച്ചിട്ടുണ്ട്. മുസ്ലീം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ വിവാഹം ചെയ്ത് മതം മാറ്റുന്നുവെന്നായിരുന്നു ആരോപണം. എന്നാൽ സുപ്രീം കോടതി തന്നെ ലവ് ജിഹാദിനെ തള്ളി രംഗത്ത് വന്നതോടെ മെല്ലെ സംഘടനകൾ അതിൽ നിന്ന് ഉൾവലിയുകയായിരുന്നു.
ഒരു രാഷ്ട്രീയ ശാസ്ത്രജ്ഞൻ ക്രിസ്റ്റോഫ് ജാഫ്രെലോട്ട് പറയുന്നതനുസരിച്ച്, 2014 മുതൽ ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഹിന്ദു ദേശീയ ജാഗ്രതാ വിഭാഗമെന്ന പേരിലുള്ള ഹിന്ദുത്വ വാദികളെ പരമ്പരാഗതമായി സംരക്ഷിക്കുന്നു. അവരുടെ “ധാർമ്മികവും സാമൂഹികവുമായ പോലീസിംഗ്” “നിയമങ്ങളേക്കാൾ സാംസ്കാരികവും സാമൂഹികവുമായ ആചാരങ്ങൾ അടിച്ചേൽപ്പിക്കാൻ” ഉദ്ദേശിച്ചുള്ളതാണ്.
എന്നാൽ ഗുഡ്ഗാവിൽ പ്രതിഷേധക്കാരുടെ ഒരു റാഗ്-ടാഗ് ആർമിയായി ആരംഭിച്ചത് പതുക്കെ ഒരു സംഘടിത പ്രസ്ഥാനമായി വളർന്നു. ഇപ്പോൾ ചില പ്രദേശവാസികളുടെ പിന്തുണയും ഇവർ നേടുന്നു. “എന്റെ വീടിനടുത്ത് മുസ്ലീങ്ങൾ പരസ്യമായി പ്രാർത്ഥിക്കുമ്പോൾ ഞങ്ങൾക്ക് നല്ല സുഖമില്ല. ഞങ്ങൾക്ക് ഭയം തോന്നുന്നു.” തന്റെ വീടിന് സമീപമുള്ള സ്ഥലത്ത് പ്രാർത്ഥന നിർത്താനുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു നിവാസിയായ സുനിൽ യാദവ് പറഞ്ഞു.
കഴിഞ്ഞയാഴ്ച, ഗുഡ്ഗാവ് സ്ഥിതി ചെയ്യുന്ന ഹരിയാനയുടെ മുഖ്യമന്ത്രി തുറന്ന പ്രാർത്ഥനകളെ അപലപിച്ചപ്പോൾ പ്രതിഷേധം നിയമസാധുത കൈവരിച്ചു. തുറസ്സായ സ്ഥലത്ത് അർപ്പിക്കുന്ന നമസ്‌കാരം വെച്ചുപൊറുപ്പിക്കില്ലെന്ന് മനോഹർ ലാൽ ഖട്ടർ പറഞ്ഞു. ഈ രീതി ഒരു ഏറ്റുമുട്ടലാണെന്നും ഈ ഏറ്റുമുട്ടൽ തുടരാൻ ഞങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അക്രമം നടത്തുന്ന ഗ്രൂപ്പുകൾക്ക് കൂടുതൽ ധൈര്യം വന്നു.
2018-ലാണ് തുറന്ന പ്രാർത്ഥനയെച്ചൊല്ലിയുള്ള ആദ്യകാല പ്രതിഷേധം ആരംഭിച്ചത്. ചർച്ചകൾക്ക് ശേഷം, മുസ്ലീം സംഘടനകൾ പ്രാർത്ഥന സ്ഥലങ്ങളുടെ എണ്ണം 108 ൽ നിന്ന് 37 ആയി കുറച്ചു. എന്നാൽ രണ്ടു വർഷത്തിനിപ്പുറം ഇപ്പോൾ അവ്യക്തമായ കാരണങ്ങളാൽ പ്രതിഷേധം പുനരാരംഭിച്ചു. പുതിയതും വിവാദപരവുമായ ചർച്ചകൾക്ക് ശേഷം, സൈറ്റുകളുടെ എണ്ണം ഇപ്പോൾ 20 ആയി കുറഞ്ഞു. എന്നാൽ പൂർണമായി ഒഴിപ്പിക്കാനാണ് തീവ്ര ഹിന്ദു സംഘടനകളുടെ ശ്രമം.
“അവർ [വിജിലൻസ്] മതപരമായ സംഘർഷങ്ങൾ സൃഷ്ടിക്കാൻ ഒരു പൗരപ്രശ്നം ഉപയോഗിക്കുന്നു,” പൊളിറ്റിക്കൽ ഇസ്ലാമിന്റെ പണ്ഡിതനായ ഹിലാൽ അഹമ്മദ് പറയുന്നു. “അവർ മുസ്ലീങ്ങളോട് പള്ളികളിൽ പോയി പ്രാർത്ഥിക്കാൻ പറയുന്നു. ആവശ്യത്തിന് പള്ളികൾ ഇല്ലാത്തതാണ് പ്രശ്നം.”
രണ്ട് പതിറ്റാണ്ടിലേറെയായി മുസ്ലീങ്ങൾ ഗുഡ്ഗാവിൽ തുറസ്സായ സ്ഥലത്ത് പ്രാർത്ഥന നടത്തുന്നുണ്ട്. ഇതിന് പ്രധാന കാരണം വിശ്വാസികളെ ഉൾക്കൊള്ളാനുള്ള പള്ളികളുടെ കുറവാണ്. ഗുഡ്ഗാവിൽ ഏകദേശം 13 മസ്ജിദുകൾ ഉണ്ട്, അവയിൽ ഒരെണ്ണം മാത്രമാണ് നഗരത്തിന്റെ പുതിയ ഭാഗത്ത് സ്ഥിതി ചെയ്യുന്നത്. എന്നാൽ ഇവിടെയാണ് ഭൂരിഭാഗം ആളുകളും താമസിക്കുന്നത്. പള്ളികളിൽ ഭൂരിഭാഗവും മുസ്ലീം ജനസംഖ്യ കുറവുള്ള ദൂരെയുള്ള പ്രാന്തപ്രദേശങ്ങളിൽ പൂട്ടിക്കിടക്കുന്നു. അത്തരം പ്രദേശങ്ങളിലെ 19 പള്ളികൾ ആളുകളില്ലാത്തതിനാൽ അടച്ചുപൂട്ടി. എന്നാൽ വിശ്വാസികൾ ഉള്ള ഗുഡ്ഗാവിന്റെ ഹൃദയഭാഗത്ത് പള്ളി നിർമിക്കുക എന്നത് അങ്ങേയറ്റം ചെലവേറിയ കാര്യമാണ്. ഭൂമിയുടെ വില പോലും തൊഴിലാളികളായ ഈ സാധാരണക്കാർക്ക് താങ്ങില്ല.
ഗുഡ്ഗാവിലെ ടൗൺ പ്ലാനർമാർ 42-ലധികം ക്ഷേത്രങ്ങൾക്കും 18 ഗുരുദ്വാരകൾക്കും സ്ഥലം അനുവദിച്ചിട്ടുണ്ട്. എന്നാൽ നഗരത്തിന്റെ പുതുതായി വികസിപ്പിച്ച ഭാഗങ്ങളിൽ ഒരു പള്ളിക്ക് മാത്രമാണ് സ്ഥലം അനുവദിച്ചത് – ഗുഡ്ഗാവ് മുസ്ലീം കൗൺസിൽ പറയുന്നു. ഇത് തന്നെ കടുത്ത അനീതിയും വിവേചനവുമാണ്. ലക്ഷക്കണക്കിന് മനുഷ്യർ താമസിക്കുന്ന ഇടത്ത് ഒരു പള്ളി കൊണ്ട് എല്ലാവരും എങ്ങനെ പ്രാർത്ഥന നടത്തും. മുസ്‌ലിം വിശ്വാസികളെ സംബന്ധിച്ച് വെള്ളിയാഴ്ചയിലെ പ്രാർത്ഥന ഒരുമിച്ച് ഒരേസമയം നടത്തേണ്ടതാണ്. അതിന് പള്ളിയിൽ സ്ഥലം തികയാതെ വരുമ്പോഴാണ് പൊതുഇടങ്ങൾ അവർക്ക് ഉപയോഗിക്കേണ്ടി വരുന്നത്. അഞ്ച് വർഷം മുമ്പ്, മതപരമായ ആവശ്യങ്ങൾക്കായി വിൽക്കുന്ന സർക്കാർ പ്ലോട്ടുകൾ ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും മുസ്ലീം ട്രസ്റ്റുകൾ പരാജയപ്പെടുകയാണുണ്ടായത്.
തീവ്രവലതുപക്ഷത്തിന്റെ പ്രതിഷേധത്തെത്തുടർന്ന് 2011-ൽ പാരീസിലെ തെരുവിൽ പ്രാർത്ഥന നടത്തുന്നതിന് വിലക്കേർപ്പെടുത്തിയതിന്റെ പ്രതിധ്വനികളാണ് ഗുഡ്ഗാവിൽ ഇന്ന് നടക്കുന്നത്. സ്ഥലമില്ലാതായിരുന്നു അവിടെയും കാരണം. ഉപയോഗശൂന്യമായ ബാരക്കുകൾ പ്രാർത്ഥനയ്‌ക്കായി വാടകയ്‌ക്കെടുക്കാൻ രണ്ട് പ്രാദേശിക പള്ളികളുമായി പിന്നീട് ഒരു കരാറിലെത്തി. ആറ് വർഷത്തിന് ശേഷം ഒരു പാരീസ് നഗരപ്രാന്തത്തിൽ രാഷ്ട്രീയക്കാരുടെ സമാനമായ പ്രതിഷേധം ഉണ്ടായിരുന്നു
എന്നാൽ പാരീസിനെ അപേക്ഷിച്ച് ഇന്ത്യയിൽ മതപരിപാടികൾക്ക് എല്ലായ്‌പ്പോഴും പൊതു ഇടങ്ങൾ വേദിയാകാറുണ്ട്. മതപരമായ ഘോഷയാത്രകളും ഒത്തുചേരലുകളും ഉത്സവങ്ങളും പലപ്പോഴും ഗതാഗതത്തെ തടസ്സപ്പെടുത്തുകയും റോഡ് അടച്ചിടാൻ നിർബന്ധിക്കുകയും ചെയ്യുന്നു. എന്നാൽ ബഹുസ്വരതയും വൈവിധ്യങ്ങളും നിലനിൽക്കുന്ന ഇന്ത്യയിൽ ഇതെല്ലാം സാധാരണമായിരുന്നു. പക്ഷെ, ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രഭരണം ആരംഭിച്ചത് മുതൽ ന്യൂനപക്ഷങ്ങളുടെ ഇത്തരം സ്വാതന്ത്ര്യങ്ങൾക്ക് നേരെ വലിയ കടന്ന് കയറ്റമാണ് ഉണ്ടായത്.
എങ്കിലും, ഗുഡ്ഗാവിൽ ചില പ്രതീക്ഷകൾ ബാക്കിയുണ്ട്. ഒരു ഹിന്ദു വ്യവസായി വെള്ളിയാഴ്ച പ്രാർത്ഥന നടത്താൻ മുസ്ലീങ്ങൾക്ക് തന്റെ കട തുറന്നുകൊടുത്തു. പക്ഷെ നന്മ ബാക്കിയുള്ളവരെയും ഭീഷണിപ്പെടുത്തുന്ന തീവ്രവാദികൾ ഉണ്ട്. കഴിഞ്ഞ മാസം, സിഖ് ഗുരുദ്വാരകൾ മുസ്ലീങ്ങൾക്ക് ആരാധനയ്ക്കായി അവരുടെ ഇടം വാഗ്ദാനം ചെയ്തിരുന്നു, എന്നാൽ ഹിന്ദു ഗ്രൂപ്പുകളുടെ പ്രതിഷേധത്തെത്തുടർന്ന് തീരുമാനം മാറ്റേണ്ടിവരികയും ചെയ്ത സംഭവം ഉണ്ടായി.
ഇതെല്ലാം കൊണ്ട് തന്നെ, ഗുഡ്ഗാവിലെ മുസ്ലീങ്ങൾ അനിശ്ചിതത്വത്തിലും ആശങ്കയിലുമാണ്. വെള്ളിയാഴ്ചകളിൽ ജോലിയിൽ നിന്ന് അവധിയെടുക്കുന്നതിനും പ്രാർത്ഥനാ സ്ഥലം കണ്ടെത്തുന്നതിനായി ദീർഘദൂര യാത്ര ചെയ്യുന്നതിനും പലർക്കും ശമ്പളം പോലും നഷ്ടപ്പെടുന്നു. മാത്രമല്ല ഓരോ വെള്ളിയാഴ്ച എത്തുമ്പോഴും അവർക്കിപ്പോൾ ഭയമാണ്. എപ്പോഴാണ് തങ്ങൾ അക്രമിക്കപ്പെടുക, അപമാനിക്കപ്പെടുക എന്നോർത്ത് ഭയത്താലാണ് ഇവരുടെ പ്രാർത്ഥനകൾ നടക്കുന്നത്.
കടപ്പാട്: ബിബിസി
സൗതിക് ബിശ്വാസ്, ഇന്ത്യൻ കറസ്‌പോണ്ടന്റ്, ബിബിസി