ന്യൂഡല്‍ഹി: ചെങ്കോട്ടയുടെ നിയമപരമായ അവകാശി താനാണെന്ന് അവകാശപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. മുഗള്‍ പരമ്പരയിലെ വിധവയായ സുല്‍ത്താനാ ബീഗം ആണ് ചെങ്കോട്ടയ്ക്കു മേല്‍ അവകാശം ഉന്നയിച്ച് കോടതിക്ക് മുന്‍പാകെ എത്തിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.
മുഗള്‍ രാജാവായ ബഹാദൂര്‍ ഷാ സഫര്‍ രണ്ടാമന്റെ കൊച്ചുമകന്‍ മിര്‍സ മുഹമ്മദ് ബേദാര്‍ ഭക്തിന്റെ വിധവയാണ് താനെന്ന് സുല്‍ത്താന പറയുന്നു. സുല്‍ത്താനയുടെ ഭര്‍ത്താവ് 1980 മേയ് 22-ന് അന്തരിച്ചിരുന്നു. 1857ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നിയമവിരുദ്ധമായി ചെങ്കോട്ട പിടിച്ചെടുക്കുകയായിരുന്നെന്ന് ഇവര്‍ കോടതിയില്‍ വാദിച്ചു. ചെങ്കോട്ട തനിക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കുകയോ അല്ലെങ്കില്‍ നിയമവിരുദ്ധമായി കോട്ട പിടിച്ചെടുത്തതിന് തുല്യമായ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യണമെന്ന് പരാതിക്കാരി ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍, സുല്‍ത്താന ബീഗം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കാലതാമസം ചൂണ്ടിക്കാട്ടി തള്ളി. എന്റെ ചരിത്ര വിജ്ഞാനം വളരെ കുറവാണ്. 1857-ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിങ്ങളോട് അനീതി ചെയ്തുവെന്ന് നിങ്ങള്‍ പറയുന്നു. കോടതിയിലെത്താന്‍ എന്തുകൊണ്ടാണ് 150 വര്‍ഷത്തിലധികം കാലതാമസമുണ്ടായത്. ഇത്രയും വര്‍ഷമായി നിങ്ങള്‍ എന്താണ് ചെയ്തത്- ജസ്റ്റിസ് ചോദിച്ചു.
















