പനാജി: കോൺഗ്രസിന് വീണ്ടും തിരിച്ചടി. ഗോവയിൽ നിയമസഭാംഗം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഗോവയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നിയമസഭാംഗമായ അലക്സോ റെജിനാൾഡോ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. ഇദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നാണ് സൂചന.
2022 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പുറത്തുവിട്ട ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ റെജിനാൾഡോ ഇടം നേടിയിരുന്നു. കർട്ടോറിമിൽ നിന്ന് ജനവിധി തേടാനായിരുന്നു കോൺഗ്രസ് അദ്ദേഹത്തെ നിയോഗിച്ചിരുന്നത്. അലക്സോ റെജിനാൾഡോ പാർട്ടിയിൽ നിന്ന് രാജിവെച്ചത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ തിരിച്ചടിയായേക്കുമെന്നാണ് സൂചന.
അലക്സോ റെജിനാൾഡോ രാജിവെച്ചതോടെ സംസ്ഥാന നിയമസഭയിൽ കോൺഗ്രസിന് രണ്ട് എംഎൽഎമാർ മാത്രമേ നിലവിലുള്ളൂ. 2017 ലെ ഗോവൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 17 സീറ്റിൽ വിജയിച്ചിരുന്നു. എന്നാൽ രണ്ട് സീറ്റ് മാത്രമാണ് അവർക്ക് നിലനിർത്താനായത്.
















