ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നിലവിലുള്ളതിന് പുറമെ ഏഴ് പുതിയ നിയമസഭാ മണ്ഡലങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ നിര്‍ദേശം. ഇതിനായി ചുമതലപ്പെടുത്തിയ മണ്ഡല പുനര്‍നിര്‍ണയ കമ്മിഷന്റേതാണ് ശുപാര്‍ശ. ജമ്മു മേഖലയില്‍ ആറും കശ്മീര്‍ മേഖലയില്‍ ഒരു അധിക സീറ്റിനുമാണ് ശുപാര്‍ശ.
എസ്.ടി വിഭാഗത്തിനായി ഒന്‍പത് സീറ്റുകളും എസ്.സി വിഭാഗത്തിന് ഏഴ് സീറ്റുകളും മാറ്റിവെക്കാനും നിര്‍ദേശമുണ്ട്. ഇതാദ്യമായിട്ടാണ് എസ്.ടി വിഭാഗത്തിനായി സീറ്റുകള്‍ മാറ്റിവെക്കാന്‍ നിര്‍ദേശമുയരുന്നത്.
അതേസമയം, കശ്മീരിന് ഒരു സീറ്റും ജമ്മു മേഖലയില്‍ ആറ് സീറ്റുകളും അനുവദിച്ചതില്‍ വ്യാപക പ്രതിഷേധം. ഇത് അനുപാതം അട്ടിമറിക്കുന്നതാണെന്നും ജമ്മുവിലേക്ക് അധികാരം കേന്ദ്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ജമ്മു കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി.
ഏകപക്ഷീയവും അസ്വീകാര്യവുമാണ് മണ്ഡല പുനര്‍നിര്‍ണയ കരടെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും പറയുന്നു. 2011ലെ സെന്‍സസിന്റെയും ജനസംഖ്യയുടെയും അടിസ്ഥാനത്തിലാണ് കരട് തയ്യാറാക്കിയത്.
ഡല്‍ഹിയില്‍ ചേര്‍ന്ന കമ്മിഷന്‍ യോഗത്തില്‍ അസോസിയേറ്റ് അംഗങ്ങളും ജമ്മു കശ്മീരില്‍ നിന്നുള്ള അഞ്ച് ലോക്‌സഭ അംഗങ്ങളും പങ്കെടുത്തു. ഈ മാസം അവസാനത്തോടെ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കാനും കമ്മിഷന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവില്‍ ജമ്മുവില്‍ 37 നിയമസഭാ മണ്ഡലങ്ങളും കശ്മീരില്‍ 46ഉം ലഡാക്കില്‍ നാലും എണ്ണമാണുള്ളത്. കരട് പ്രകാരം കശ്മീരില്‍47ഉം ജമ്മുവില്‍ 43ഉം മണ്ഡലങ്ങളുണ്ടാകും. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പുനര്‍നിര്‍ണയ കമ്മീഷന്റെ കരട് ഇന്ന് ന്യൂഡല്‍ഹിയില്‍ വെച്ചാണ് ജമ്മു കശ്മീരില്‍ നിന്നുള്ള അഞ്ച് എം പിമാര്‍ക്ക് വിതരണം ചെയ്തത്.
















