ന്യൂഡൽഹി: ലിംഗ സമത്വം ഉറപ്പാക്കാൻ പുരുഷന്മാരുടെ വിവാഹ പ്രായം 21-ൽ നിന്ന് 18 ആയി കുറക്കുകയാണ് ചെയ്യേണ്ടതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. സ്ത്രീകളുടെ വിവാഹ പ്രായം 18-ൽ നിന്ന് 21 ആയി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിന് പിന്നാലെയാണ് ലിംഗസമത്വം ഉറപ്പാക്കാൻ പുരുഷന്മാരുടെ വിവാഹപ്രായം 18 ആക്കി കുറക്കണമെന്ന് വ്യക്തമാക്കി ബൃന്ദാ കാരാട്ട് രംഗത്തെത്തിയത്.
സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്ന തീരുമാനം തീർത്തും തെറ്റാണ്. ലിംഗ സമത്വം ഉറപ്പാക്കാൻ പുരുഷന്മാരുടെ വിവാഹ പ്രായം 21-ൽ നിന്ന് 18 ആയി കുറക്കുകയാണ് ചെയ്യേണ്ടത്. ഇത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും പോഷകാഹാരത്തിനും വേണ്ടിയുള്ള സംവിധാനങ്ങളൊരുക്കാൻ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.
അതേസമയം, സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ നാളെ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാന്‍ സാദ്ധ്യത കുറവെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്റിലെ ഇരു സഭകളുടെയും നാളത്തെ അജണ്ടയില്‍ ബില്‍ അവതരിപ്പിക്കുന്നത് ഇതുവരെ ഉള്‍പ്പെടുത്തിയില്ല. അവതരിപ്പിക്കണമെന്ന് രാവിലെ തീരുമാനിക്കുകയാണെങ്കില്‍ അധിക അജണ്ടയായി ബില്ല് കൊണ്ടുവരാനാണ് സാദ്ധ്യത.
















