ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണ്ടെന്ന് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രമേയം. മുമ്പുണ്ടായിരുന്ന നിലപാട് തുടരും. രാഹുൽ ഗാന്ധിയുടെ ജയ്‌പൂർ പ്രസംഗം പി ബിയിൽ ചർച്ചയായി. കോൺഗ്രസിന്റേത് മൃദു ഹിന്ദുത്വ നിലപാടെന്ന് പൊളിറ്റ് ബ്യൂറോയിൽ വിമർശനം.
പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് പിബി അംഗീകാരം നല്‍കി. ജനുവരിയിൽ ചേരുന്ന കേന്ദ്രക്കമ്മിറ്റിയിൽ കരടിന് അന്തിമ അംഗീകാരം നൽകും. ജനുവരി 7 മുതൽ 9 വരെ ഹൈദരാബാദിൽ കേന്ദ്ര കമ്മിറ്റി ചേരുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ബംഗാൾ മോഡൽ സഖ്യങ്ങൾ തള്ളാതെയുള്ളതാണ് കരട് രാഷ്ട്രീയ പ്രമേയം. ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യമില്ല. പ്രാദേശിക തലത്തിൽ കോൺഗ്രസുമായി പ്രത്യേക സാഹചര്യങ്ങളിൽ തെരഞ്ഞെടുപ്പ് സഖ്യം തുടരുമെന്നും കരട് രാഷ്ട്രീയ പ്രമേയം അംഗീകരിക്കുന്നു.
കോണ്‍ഗ്രസ് സഖ്യത്തിന്റെ കാര്യത്തില്‍ ശക്തമായ അഭിപ്രായ ഭിന്നത കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോ യോഗത്തിലും ഉണ്ടായിരുന്നു. പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിനൊപ്പം പശ്ചിമ ബംഗാള്‍ പോലുള്ള ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സഖ്യമാകാമെന്ന് കഴിഞ്ഞ പി.ബിയില്‍ ധാരണയായിരുന്നു.
















