ജനീവ: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ കോവോവാക്‌സ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതായി ലോകാരോഗ്യ സംഘടന. 12–17 പ്രായപരിധിയിലുള്ളവർക്കുള്ള വാക്സിനാണ് അംഗീകാരം ലഭിച്ചത്.
യുഎസ് ആസ്ഥാനമായുള്ള നോവാവാക്സുമായി കൈകോര്‍ത്ത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന വാക്‌സിനാണ് കോവോവാക്‌സ്. . വെള്ളിയാഴ്ചയാണ് വാക്സിൻ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലോകാരോഗ്യ സംഘടന നൽകിയത്.
താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കാനുള്ള നിരന്തരമായ ശ്രമങ്ങള്‍ക്ക് ഇത് ആവശ്യമായ ഉത്തേജനം നല്‍കുമെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവനയില്‍ പറഞ്ഞു.
പുതിയ വകഭേദങ്ങള്‍ വരുന്നുണ്ടെങ്കിലും കോവിഡ് കാരണമുള്ള ഗുരുതരമായ രോഗങ്ങളില്‍ നിന്നും മരണത്തില്‍ നിന്നും ആളുകളെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ഉപകരണങ്ങളിലൊന്നാണ് വാക്‌സിനുകളെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
കോവിഡിനെതിരായ പോരാട്ടത്തിൽ ഇതു മറ്റൊരു നേട്ടമാണെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല പ്രതികരിച്ചു. കോവോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ഡബ്ല്യുഎച്ച്ഒ അനുമതി ലഭിച്ചിരിക്കുന്നു. സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി അദാർ പൂനാവാല ട്വിറ്ററിൽ കുറിച്ചു.
















