ഡല്‍ഹി: കള്ളവോട്ട് തടയുകയെന്ന ലക്ഷ്യവുമായി ആധാര്‍ നമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കാന്‍ തീരുമാനം.ഇതടക്കം പ്രധാന തിരഞ്ഞെടുപ്പ് പരിഷ്കരണ ഭേദഗതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഭേദഗതിബില്‍ പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. വോട്ടര്‍കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നതോടെ ഇരട്ടവോട്ട് ഇല്ലാതാകും. ഒരാള്‍ക്ക് ഒരിടത്തുമാത്രമേ വോട്ടുചെയ്യാനാവൂ.
തിരഞ്ഞെടുപ്പുകമ്മിഷന്‍ നടത്തിയ പൈലറ്റ് പ്രൊജക്‌ട് വിജയമാണെന്ന് കണ്ടതിനെത്തുടര്‍ന്നാണ് ഭേദഗതി നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചത്. ആധാറും വോട്ടര്‍കാര്‍ഡും ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നേരത്തേ സുപ്രീംകോടതി കമ്മിഷന്റെ അഭിപ്രായം തേടിയിരുന്നു. രണ്ടും ബന്ധിപ്പിക്കണമെന്ന് തുടക്കത്തില്‍ ആരേയും നിയമപ്രകാരം നിര്‍ബന്ധിക്കില്ല. അതേസമയം, ബന്ധിപ്പിക്കാത്തവരെ എളുപ്പത്തില്‍ കണ്ടെത്താനും അവരുടെ വോട്ട് നിരീക്ഷിക്കാനും സാധിക്കും.
















