ഡെഹ്‌റാഡൂണ്‍: ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ കട്ടൗട്ട് ഉത്തരാഖണ്ഡില്‍ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ ഉപയോഗിച്ചതിനെ ചൊല്ലി കോണ്‍ഗ്രസ്-ബി.ജെ.പി പോര്. രാജ്യത്തിന്റെ സംയുക്ത സേനാ മേധാവിയുടെ അപകട മരണം പോലും കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.
വ്യാഴാഴ്ച നടക്കുന്ന രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ രാഹുല്‍ ഗാന്ധിയുടെയും മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെയും കട്ട്‌ഔട്ടിനൊപ്പം ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജനറല്‍ ബിപിന്‍ റാവത്തിന്റെ കട്ട്‌ഔട്ടും സ്ഥാപിച്ചിരുന്നു.
എന്നാല്‍ അതൊരു രാഷ്ട്രീയ പരിപാടി ആയിരുന്നില്ലെന്നും 1971 ലെ ഇന്ത്യന്‍ യുദ്ധ വിജയം ആഘോഷിക്കാനായി നടത്തിയ പരിപാടിയാണെന്നുമാണ് കോണ്‍ഗ്രസിന്‍റെ വിശദീകരണം. കോണ്‍ഗ്രസ് സൈനികരെ ബഹുമാനിക്കുന്നു എന്നും രാജ്യത്തിന്റെ അഭിമാനമായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത് എന്നും ഉത്തരാഖണ്ഡ് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഗണേഷ് ഗോഡിയാല്‍ പറഞ്ഞു.
ഉത്തരാഖണ്ഡിലെ സാമൂഹിക ആവശ്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട വ്യക്തിയാണ് റാവത്ത് എന്നും മഹാനായ അദ്ദേഹത്തോടുളള ആദരവിന്റെ അടയാളമാണിതെന്നും ഗോഡിയാല്‍ പറഞ്ഞു. റാലിയിലേക്ക് മുന്‍ സൈനികരെയും പാര്‍ട്ടി ക്ഷണിച്ചിരുന്നു എന്നും അതില്‍ ചിലര്‍ പങ്കെടുത്തതായും ഗോഡിയാല്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ വെറും കക്ഷി രാഷ്ട്രീയത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ജനറല്‍ റാവത്തിനെ വലിച്ചിഴയക്കയാണ് എന്ന് ബി.ജെ.പി ആരോപിച്ചു. സൈനികരോട് കോണ്‍ഗ്രസിനുണ്ടായ പെട്ടന്നുള്ള സ്നേഹം ഈ ഇലക്ഷന്‍ സമയത്ത് മനസിലാക്കാവുന്നതേയുള്ളു എന്നും രാഷ്ട്രീയത്തില്‍ നിന്നും ജനറല്‍ റാവത്തിനെ മാറ്റിനിര്‍ത്താമായിരുന്നു എന്നും ബി.ജെ.പി വക്താവ് വിപിന്‍ കൈന്തോള പറഞ്ഞു.
















