രാജ്യത്തെ സാധാരണ ജനങ്ങൾക്ക് ഏറെ ഗുണപ്രദമായിരുന്ന 100 ദിവസത്തെ തൊഴിലുറപ്പ് പദ്ധതിപ്രകാരം (എംജിഎൻആർഇജിഎ) തൊഴിലാളികൾക്ക് നൽകേണ്ട പണത്തിൽ കേന്ദ്ര സർക്കാർ വലിയ കുടിശ്ശികയാണ് വരുത്തിയിരിക്കുന്നത്. 9,682 കോടി രൂപ കൂലി ഇനത്തിൽ കുടിശ്ശിക വരുത്തിയതിനാൽ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. തൊഴിലാളികളുടെ അന്നം മുട്ടിച്ച സംഭവത്തിൽ സ്വരാജ് അഭിയാൻ എൻജിഒ നൽകിയ ഹർജി പരിശോധിക്കാമെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച അറിയിച്ചു.
ചീഫ് ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം ജനുവരി ആദ്യവാരം പരിഗണിക്കാമെന്ന് അറിയിച്ചത്. എൻജിഒ സ്വരാജ് അഭിയാന് വേണ്ടി പ്രശസ്ത അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഹാജരായി.
സ്വരാജ് അഭിയാൻ പറയുന്നതനുസരിച്ച്, മിക്ക സംസ്ഥാനങ്ങൾക്കും സ്കീമിന് കീഴിൽ മതിയായ ഫണ്ട് ലഭിക്കാത്തതിനാൽ എംഎൻആർഇജിഎയ്ക്ക് കീഴിൽ കൂലി കുടിശ്ശികയാണ്. നവംബർ 26 വരെ, സംസ്ഥാന സർക്കാരുകൾ 9,682 കോടി രൂപ വേതന കുടിശ്ശിക നൽകാണാനുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ അനുവദിച്ച ഫണ്ടിന്റെ 100 ശതമാനവും അഞ്ച് മാസം ശേഷിക്കെ തീർന്നു. ഫണ്ടിന്റെ ദൗർലഭ്യം നിയമത്തിന്റെ കടുത്ത ലംഘനമാണെന്ന് സ്വരാജ് അഭിയാൻ പറഞ്ഞു.
ലോക്ക്ഡൗണും തുടർന്ന് വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതും നഗരപ്രദേശങ്ങളിൽ വൻതോതിലുള്ള തൊഴിലില്ലായ്മയ്ക്ക് കാരണമായി. ഇത് ഗ്രാമീണ മേഖലകളിലേക്ക് വലിയ തോതിലുള്ള റിവേഴ്സ് മൈഗ്രേഷനിലേക്ക് നയിച്ചു. ഇതോടെ ഗ്രാമത്തെ സമ്പദ് ഘടനയെ സമ്മർദ്ദത്തിലാക്കി NREGA യുടെ കീഴിൽ ജോലി ആവശ്യപ്പെടുന്ന കൂടുതൽ ആളുകളുണ്ടായി.
സർക്കാർ കണക്കുകൾ പ്രകാരം ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഒഡീഷ എന്നീ ആറ് സംസ്ഥാനങ്ങളിലേക്ക് 32 ലക്ഷത്തിലധികം കുടിയേറ്റക്കാർ തിരിച്ചെത്തി. മറ്റ് ചില കണക്കുകൾ പ്രകാരം ഇത് 45 ലക്ഷമാണെന്ന് സ്വരാജ് അഭിയാൻ പറഞ്ഞു.
കേന്ദ്രം ഗരീബ് കല്യാൺ റോജ്ഗർ യോജന ആരംഭിച്ചു, അതിന് കീഴിൽ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങിയെത്തിയ കുടിയേറ്റക്കാർക്കും എൻആർഇജിഎ പ്രകാരം തൊഴിൽ കാർഡുകൾ നൽകി. 2020-21ൽ 7.75 കോടി കുടുംബങ്ങൾക്ക് ജോലി നൽകി, 2019-20ലെ കണക്കുകളേക്കാൾ 41 ശതമാനം വർധന. എന്നിരുന്നാലും, 2021-22 ൽ നവംബർ 15 വരെ 6.11 കോടി കുടുംബങ്ങൾക്ക് മാത്രമേ ജോലി നൽകിയിട്ടുള്ളൂ, മുൻ വർഷത്തേക്കാൾ 21 ശതമാനം കുറവ്.
ജൂണിൽ, 2021-22 സാമ്പത്തിക വർഷത്തേക്കുള്ള എംജിഎൻആർഇജിഎയ്‌ക്കായി ബജറ്റ് എസ്റ്റിമേറ്റ് ഘട്ടത്തിൽ കേന്ദ്രം 73,000 കോടി രൂപ അനുവദിച്ചിരുന്നു. 2020-21 ലെ പുതുക്കിയ എസ്റ്റിമേറ്റായ 1,11,500 കോടിയേക്കാൾ 34 ശതമാനം കുറവാണിത്.
എൻആർഇജിഎ വേതനം നൽകാത്തത് നിർബന്ധിത തൊഴിൽ, കടത്ത് നിരോധനം എന്നിവ കൈകാര്യം ചെയ്യുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 23 ന്റെ ലംഘനമാണെന്ന് സ്വരാജ് അഭിയാൻ ഹർജിയിൽ പറയുന്നു. 2016 ലെ സുപ്രീം കോടതിയുടെ തന്നെ വിധിയെ ഉദ്ധരിച്ചാണ് സ്വരാജ് അഭിയാൻ നിയമലംഘനം ചൂണ്ടിക്കാണിച്ചത്.
എംജിഎൻആർഇജിഎ പ്രകാരമുള്ള വേതനം 15 ദിവസത്തിനകം ഉറപ്പാക്കണമെന്നും ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഒരു ഗുണഭോക്താവിനും ഭക്ഷ്യധാന്യങ്ങൾ ലഭിക്കാതെ നോക്കണമെന്നും കോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത് നിരീക്ഷിക്കാൻ സോഷ്യൽ ഓഡിറ്റുകൾ നടത്താൻ സുപ്രീം കോടതി നിരവധി തവണ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും അവ ശ്രദ്ധിക്കപ്പെട്ടില്ലെന്ന് എൻജിഒ പറഞ്ഞു.
കോവിഡ് -19 പാൻഡെമിക് രൂക്ഷമായ ഗ്രാമീണ ദുരിതത്തിന് കാരണമായിട്ടുണ്ട്, ഇത് രാജ്യത്തുടനീളമുള്ള NREGA യ്ക്ക് കീഴിലുള്ള ജോലിയുടെ ആവശ്യകതയിൽ കുത്തനെ വർദ്ധനവിന് കാരണമായി. ജോബ് കാർഡ് ഉടമകളിൽ നിന്നുള്ള ജോലിയുടെ യഥാർത്ഥ ആവശ്യം സിസ്റ്റത്തിൽ കൃത്യമായി രജിസ്റ്റർ ചെയ്യപ്പെടുന്നില്ല. അവർക്ക് തൊഴിലിനുള്ള നിയമപരമായ അവകാശവും തൊഴിലില്ലായ്മ അലവൻസും നിഷേധിക്കുന്നതായി സ്വരാജ് അഭിയാൻ ഹർജിയിൽ പറഞ്ഞു.
ഓരോ കുടുംബത്തിനും എംജിഎൻആർഇജിഎയ്ക്ക് കീഴിൽ വർഷത്തിൽ 50 അധിക തൊഴിൽ ദിനങ്ങൾ നൽകാനും, ജോലിയുടെ ആവശ്യം കൃത്യമായി എൻആർഇജിഎ സോഫ്റ്റ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാനും തീയതി രേഖപ്പെടുത്തിയ രസീതുകൾ നൽകാനും, തൊഴിലില്ലായ്മ വേതനം സ്വയമേവ കണക്കാക്കി നൽകാനും കോടതിയിൽ നിന്ന് അടിയന്തര നിർദ്ദേശങ്ങളും ഹർജിക്കാരൻ ആവശ്യപ്പെട്ടു. വേതന നിരക്കിന്റെ 1/4, തൊഴിലാളികൾക്ക് അലവൻസ് നൽകാനും, വേതന വിതരണത്തിൽ കാലതാമസിതിന് പിഴ നൽകാനും കോടതിയോട് സ്വരാജ് അഭിയാന് വേണ്ടി പ്രശാന്ത് ഭൂഷൺ നൽകിയ ഹർജിയിൽ ചൂണ്ടികാണിക്കുന്നു.