ഒരിക്കലെങ്കിലും കൂര്‍ക്കംവലി കാരണം പ്രയാസം അനുഭവിക്കാത്തവരുണ്ടാകില്ല. ഉറക്കത്തിനിടെ സംഭവിക്കുന്ന ഒരു സാധാരണ കാര്യമായാണ് മിക്കവരും ഇതിനെ കണക്കാക്കുന്നത്.ശ്വാസമെടുക്കുമ്ബോള്‍ അപ്പര്‍ റെസ്പിറെറ്ററി ട്രാക്റ്റ് വഴിയാണ് ഇത് ശ്വാസകോശത്തില്‍ എത്തുന്നത്. ഈ പാതയില്‍ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ അനുഭവപ്പെടുമ്ബോള്‍ ഉറക്കത്തിനിടെ ശ്വസനം കൃത്യമായി നടക്കാതെ വരുകയും കുറുനാവിനും അവിടെയുള്ള മസിലുകള്‍ക്കും പ്രകമ്ബനമുണ്ടാവുകയും ചെയ്യും. തടസ്സത്തിന്റെ തീവ്രതക്കനുസരിച്ച് കൂര്‍ക്കംവലിയുടെ ശബ്ദം ഉയരുകയും ചെയ്യും.
മൂക്ക്, ഫാരിങ്സ്, ടോണ്സില്സ്, കുറുനാവ് എന്നിവയെല്ലാം ചേരുന്നതാണ് അപ്പര്‍ റെസ്പിറെറ്ററി ട്രാക്റ്റ്. തുടര്‍ച്ചയായി കൂര്‍ക്കംവലി അനുഭവപ്പെടുന്നവരില്‍ ആവശ്യമായ ഓക്സിജന്‍ ശരീരത്തില്‍ എത്താതിരിക്കുകയും ഉറക്കം ഫലപ്രദമല്ലാതാവുകയും ചെയ്യും. ഇത് ഒബ്സ്ട്രക്റ്റിവ് സ്ലീപ് അപ്നിയ (ഒ.എസ്.എ) എന്നാണ് അറിയപ്പെടുന്നത്. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ കൂര്‍ക്കംവലി കണ്ടുവരാറുണ്ട്. ഓരോരുത്തരിലും കാരണങ്ങള്‍ വ്യത്യസ്തമായിരിക്കും. കൃത്യമായ നിരീക്ഷണത്തിലൂടെ കാരണങ്ങള്‍ കണ്ടെത്തി അത് പരിഹരിക്കുക മാത്രമാണ് പോംവഴി.
ചെറിയ കുഞ്ഞുങ്ങളില്‍ പോലും കൂര്‍ക്കംവലി കണ്ടുവരാറുണ്ട്.സാധാരണ രണ്ടു വയസ്സിന് ശേഷമാണ് കുഞ്ഞുങ്ങളില്‍ അഡിനോയ്ഡ് ഗ്രന്ഥിക്ക് വീക്കം സംഭവിക്കാറുള്ളത്. ഏകദേശം ഏഴു വയസ്സ് പൂര്‍ത്തിയാകുന്നതോടെ ഇത് സ്വാഭാവികമായി ചുരുങ്ങുകയും ചെയ്യും. അഡിനോയ്ഡല് ഹൈപ്പര്ട്രോഫിയാണ് കുഞ്ഞുങ്ങളിലെ കൂര്‍ക്കംവലിക്ക് കാരണമാകുന്നത്. മൂക്കിന്റെ പിന്‍ഭാഗത്തുള്ള അഡിനോയ്ഡ് ഗ്രന്ഥിക്ക് വീക്കം വരുന്ന അവസ്ഥയാണിത്. ഈ ഭാഗം വികസിക്കുന്നതു കാരണം ശ്വാസം കൃത്യമായ രീതിയില്‍ കടന്നുപോകുന്നതിന് പ്രയാസമുണ്ടാകുന്നു.
ഇതിന്റെ പാര്ശ്വഫലമെന്നോണമാണ് കുട്ടികളില്‍ കൂര്‍ക്കംവലി അനുഭവപ്പെടുന്നത്. മാത്രമല്ല, ചെവിവേദന, തൊണ്ടവേദന, ജലദോഷം, മറ്റു ശ്വസന പ്രശ്നങ്ങള്‍ പോലുള്ളവയും ഇതിന്റെ തുടര്‍ച്ചയായി അനുഭവപ്പെട്ടേക്കാം. കുട്ടികളുടെ ചെവിക്കുള്ളില്‍ കഫം നിറഞ്ഞ് കര്‍ണപടം പൊട്ടുന്ന ഗുരുതരാവസ്ഥയിലേക്ക് പോലും ഇതു വഴിവെക്കും.
തുടര്‍ച്ചയായി ജീവിതശൈലി ഈ തരത്തില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ അമിതവണ്ണം ഉണ്ടാവുകയും ഇത് കൂര്‍ക്കംവലിയുണ്ടാകാന്‍ കാരണമാവുകയും ചെയ്യും. മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളും കൂര്‍ക്കംവലിക്ക് കാരണമാകും.വര്‍ഷങ്ങളായി കൂര്‍ക്കംവലി അനുഭവപ്പെടുന്നവരില്‍ ഗുരുതര രോഗാവസ്ഥകളും പിറകെ വരും. ശ്വാസകോശം, ഹൃദയം തുടങ്ങിയ പ്രധാനപ്പെട്ട ശരീരഭാഗങ്ങളെ അപകടത്തിലാക്കാന്‍ കൂര്‍ക്കംവലി കാരണമാകും. ഒരു ഘട്ടത്തിലും നിയന്ത്രിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ ഇത് ഡിമന്‍ഷ്യ, അല്‍ഷൈമേഴ്സ് പോലുള്ള മറവിരോഗങ്ങള്‍ പെട്ടെന്ന് ബാധിക്കുന്നതിനും കാരണമാകും.
ഉറങ്ങുന്ന സമയത്ത് ഏതെങ്കിലും ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നുകൊണ്ട് ഉറങ്ങുന്നത് കൂര്‍ക്കംവലിക്ക് താല്‍ക്കാലിക ആശ്വാസം നല്‍കും. ഇടതുവശം ചരിഞ്ഞ് ഉറങ്ങുന്നതാണ് കൂടുതല്‍ ഫലപ്രദമാവുക. മലര്‍ന്നു കിടന്നുകൊണ്ട് ഉറങ്ങുമ്ബോള്‍ വലിയ ശബ്ദത്തോടുകൂടി കൂര്‍ക്കംവലി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മറ്റു മാര്‍ഗങ്ങളൊന്നും ഫലപ്രദമാകുന്നില്ലെങ്കില്‍ BYPAP മെഷീന് ഉപയോഗിക്കാം. കൂടുതല്‍ ശക്തിയില്‍ ഓക്സിജന്‍ പമ്ബ് ചെയ്ത് ശ്വസനം കൃത്യമാക്കും. എന്നാല്‍, ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള സ്ലീപ് സ്റ്റഡി ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ ചെയ്ത് മാത്രമേ ഇത് ഓരോരുത്തര്‍ക്കും അനുയോജ്യമായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയൂ.
















