ന്യൂഡല്‍ഹി: ഒമിക്രോണിനെതിരെ കോവിഡ് വാക്സിൻറെ ബൂസ്റ്റര്‍ ഡോസ് ഫലപ്രദമാണെന്ന് ശാസത്രജ്ഞര്‍.രണ്ടുഡോസുകള്ക്ക് ശേഷമുള്ള ബൂസ്റ്റര്‍ ഡോസ് ശരീരത്തില്‍ ആന്റിബോഡിയുടെ സാന്നിധ്യം വര്‍ധിപ്പിക്കുമെന്നും ലക്ഷണങ്ങളോടെയുള്ള ഒമിക്രോണ്‍ ബാധക്കെതിരെ പ്രതിരോധമാകുമെന്നും പ്രമുഖ വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീല്‍ പറഞ്ഞു.
കടുത്ത രോഗബാധയുടെ സാഹചര്യത്തില്‍ രണ്ടുഡോസുകള്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് നമുക്കറിയില്ല. ഇന്ത്യന്‍ വാക്സിനുകളായ കോവിഷീല്‍ഡും കോവാക്സിനും ഒമിക്രോണിനെതിരെ എങ്ങനെ പ്രവര്‍ത്തിക്കുമെന്നത് സംബന്ധിച്ച് പഠനം നടത്തേണ്ടതുണ്ട്.
ഒപ്പം ബൂസ്റ്റര്‍ ഡോസിൻറെ നയവും രൂപവത്കരിക്കണം. ഏതുവാക്സിനാണ് ഉപയോഗിക്കേണ്ടത്, ആര്‍ക്കൊക്കെ നല്‍കണം, എപ്പോള്‍ നല്‍കണം, കുട്ടികള്‍ക്കുള്ള വാക്സിനേഷന് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ നയം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൂസ്റ്റര്‍ ഡോസിനായി ഇന്ത്യയില്‍ പരിഗണിക്കാവുന്നത് നാലുവാക്സിനുകളാണ്.കോവാക്സിന് ലഭിച്ചവര്‍ക്ക് കോവിഷീല്‍ഡും തിരിച്ചും നല്‍കാം. സൈകോവ് ഡി, കോവോവാക്സ്, എന്നിവയും പരിഗണിക്കാമെന്നും ഡോ. ഷാഹിദ് ജമീല്‍ കൂട്ടിച്ചേര്‍ത്തു.
















