ഏകദേശം 10-12 ശതമാനം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠിത്തത്തില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.പഠനത്തില്‍ മോശമായ പ്രകടനം കാഴ്ചവെക്കുന്ന ഇവരെല്ലാം മണ്ടന്‍മാരല്ല. ചിലരെങ്കിലും അതിബുദ്ധിമാന്മാരാകും. പക്ഷേ, എത്ര ശ്രമിച്ചാലും ഇവര്‍ക്ക് നല്ല മാര്‍ക്ക് കിട്ടില്ല. ഇവര്‍ മടിയന്മാരെന്നും ശ്രദ്ധയില്ലാത്തവരെന്നും ബുദ്ധിയില്ലാത്തവരെന്നും മുദ്രകുത്തപ്പെടും. മിക്ക കുട്ടികളും അച്ഛനമ്മമാരുടെ അംഗീകാരം ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് ഇവരുടെ കുറഞ്ഞ മാര്‍ക്കും പഠനത്തിലെ പിന്നാക്കാവസ്ഥയും മറ്റു ചില പ്രശ്‌നങ്ങളുടെ ബഹിര്‍സ്ഫുരണമാകാം.
ഇവ യഥാസമയം കണ്ടുപിടിക്കുകയും ശാസ്ത്രീയമായി വിശകലനം ചെയ്ത് ചികിത്സിക്കുകയും ചെയ്താല്‍ കുട്ടികളുടെ പഠനപ്രശ്‌നങ്ങള്‍ പലതും പരിഹരിക്കാന്‍ കഴിയും. പഠനത്തിലെ ഇത്തരം പ്രശ്‌നങ്ങള്‍ മൂന്നോ നാലോ ക്ലാസുകളില്‍ എത്തുമ്ബോഴാണ് പലപ്പോഴും വ്യക്തമാകാറുള്ളത്. ചിലപ്പോള്‍ വിദ്യാഭ്യാസം തുടങ്ങുമ്ബോള്‍ത്തന്നെയും കണ്ടെന്നു വരാം. ഇതിന് പല കാരണങ്ങളുണ്ട്.
കാഴ്ചശക്തിയും കേള്‍വിയും ഭാഗികമായി കുറവുള്ള കുട്ടികള്‍ക്കാണ് ഇങ്ങനെ പഠനത്തില്‍ പിന്നാക്കാവസ്ഥയുണ്ടാകുന്നത്. കുട്ടികള്‍ക്ക് ഇത് തിരിച്ചറിയാന്‍ കഴിയാതെ ഈ വൈകല്യങ്ങളോടെ അവര്‍ വളരും. ഇവര്‍ മന്ദബുദ്ധികളായി, അല്ലെങ്കില്‍ മടിയന്മാരായി കരുതപ്പെടുന്നു. പക്ഷേ, ഇത്തരം വൈകല്യങ്ങള്‍ ആരംഭത്തില്‍ തന്നെ കണ്ടെത്തിയാല്‍ ചികിത്സകൊണ്ട് ഈ അവസ്ഥ കുറേയൊക്കെ പരിഹരിക്കാന്‍ കഴിയും.
ശരാശരിയില്‍ താഴെ മസ്തിഷ്‌ക വളര്‍ച്ചയുള്ള ഈ കുട്ടികള്‍ക്ക് പഠിക്കാനുള്ള ബുദ്ധിമുട്ട് ദൈനംദിന ജീവിതത്തിലെ എല്ലാ പ്രവൃത്തികളിലും പ്രകടമാകും. അടങ്ങിയിരിക്കാന്‍ കഴിയായ്ക പ്രധാന ലക്ഷണമായ എഡിഎച്ഡി (Attention Deficit Hyperactivity Disorder) എന്ന രോഗമുള്ളവരിലും വിദ്യാഭ്യാസം ഒരു പ്രശ്‌നമായിരിക്കും. ഈ കുട്ടികള്‍ക്ക് ഒരു കാര്യത്തിലും ഏതാനും സെക്കന്റുകള്‍ക്കപ്പുറം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല. ഒരു മിനുട്ട് പോലും അടങ്ങിയിരിക്കാനുമാകില്ല.
പഠനത്തില്‍ പിറകിലാകുമെന്നു മാത്രമല്ല, ക്ലാസില്‍ ഇയാള്‍ ഒരു ശല്യക്കാരനുമാകും. ഇവര്‍ക്ക് സാധാരണയോ അതില്‍ കൂടുതലോ ബുദ്ധിശക്തിയുണ്ടാകാം.ഉത്കണ്ഠ, ഭയം, വിരക്തി, അച്ചടക്കമില്ലാത്ത വിദ്യാലയാന്തരീക്ഷം, അമിതമായി ശിക്ഷിക്കുന്ന അധ്യാപകര്‍, അച്ഛനമ്മമാരെ പിരിയാനുള്ള ഭയം (Separation Anxiety), സ്‌കൂളില്‍ പോകാന്‍ മടി, വീട്ടിലെ പ്രതികൂല സാഹചര്യങ്ങള്‍, വിഷാദരോഗം, ഉന്മാദരോഗം, പലതരം ഉത്കണ്ഠാരോഗങ്ങള്‍ ഇവയൊക്കെ പഠനം മോശമാകാന്‍ കാരണമായേക്കാം.
പഠനവൈകല്യം ഒരു പ്രത്യേക ആതുരാവസ്ഥയാണ്. ഇത് ഒന്നിലേറെ വൈകല്യങ്ങള്‍ക്ക് പൊതുവേ പറയുന്ന പേരാണ്. വിവിധ കഴിവുകള്‍ സ്വന്തമാക്കാനും യഥാസമയം ഉപയോഗിക്കാനും ഈ വൈകല്യമുള്ളവര്‍ക്ക് കഴിയില്ല. വായനയിലെ വൈകല്യത്തെ ഡിസ്‌ലെക്‌സിയ (Dyslexia) എന്നും എഴുത്തിനോടനുബന്ധിച്ച വൈകല്യത്തെ ഡിസ്ഗ്രാഫിയ (Dysgraphia) എന്നും കണക്കുസംബന്ധമായ വൈകല്യത്തെ ഡിസ്‌കാല്‍ക്കുലിയ (Dyscalculia) എന്നും പറയും.
















