വിശാഖപട്ടണം: ആന്ധ്രപ്രദേശില്‍ കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു.അയര്‍ലന്‍ഡില്‍ നിന്നെത്തിയ 34കാരനാണ് ഒമിക്രോണ്‍ ബാധിച്ചത്. ഇയാള്‍ക്ക് രോഗലക്ഷണങ്ങളില്ല. ശനിയാഴ്ച നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം നെഗറ്റീവായിരുന്നു.ഡല്‍ഹിയില്‍ രണ്ടാമത്തെ കേസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 34 ആയി വർധിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ, കോവിഡ് 19 സ്ഥിതിഗതികള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. പുതിയ കോവിഡ് പോസിറ്റീവ് കേസുകളുടെ ക്ലസ്റ്ററുകള്‍ തടയുന്നതിന് ജില്ലതലത്തില്‍ നടപടികള്‍ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയക്കുകയും ചെയ്തു.
കേരളം ഉള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങളിലെ എട്ടു ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ രണ്ടാഴ്ചയായി 10 ശതമാനത്തിന് മുകളിലാണെന്ന് കേന്ദ്രം അറിയിച്ചു. മിസോറാം, സിക്കിം ,മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന് എന്നിവയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ച മറ്റു സംസ്ഥാനങ്ങള്‍.പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന 27 ജില്ലകളില്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. ‘ഏതെങ്കിലും ജില്ലയില്‍ കേസുകളുടെ വര്‍ധനവ് രേഖപ്പെടുത്തുകയാണെങ്കില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് കടുത്ത പ്രദേശിക നിയന്ത്രണം ഏര്‍പ്പെടുത്തണം’ -ഭൂഷണ്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
പരിശോധന വര്‍ധിപ്പിക്കണമെന്നും വാക്സിനേഷന് വേഗത്തിലാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഏഴു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 19 ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിനും 10നും ഇടയിലാണെന്നും കേന്ദ്രം വ്യക്തമാക്കി.
















