പൂജയ്ക്കിടെ സ്വർണമാല വിഴുങ്ങി പശു (Cow Swallow gold). 20 ഗ്രാം തൂക്കം വരുന്ന സ്വർണമാലയാണ് (Gold Chain) പശു വിഴുങ്ങിയത്. നാലുവയസുള്ള പശുവിനും കിടാവിനുമായി നടത്തിയ പൂജയ്ക്കിടയിലാണ് (Cow Pooja) സംഭവം. ഉത്തര കർണാടകയിലെ സിർസി താലൂക്കിലെ ഹീപ്പനഹള്ളിയിലാണ് സംഭവം. ദീപാവലി സമയത്തെ ഗോ പൂജയ്ക്കിടെയാണ് ശ്രീകാന്ത് ഹെഗ്ഡേ എന്നയാളുടെ പശു സ്വർണമാല വിഴുങ്ങിയത്. പൂജയക്കായി പശുക്കളെ കുളിപ്പിച്ച് ഒരുക്കി നിർത്തിയിരിക്കുകയായിരുന്നു.
ഒരു നിമിഷം വീട്ടുകാരുടെ ശ്രദ്ധമാറിയ സമയത്താണ് സ്വർണമാല പശു വിഴുങ്ങിയത്. പശുക്കിടാവിൻറെ കഴുത്തിലായിരുന്നു സ്വർണമാല അണിയിച്ചിരുന്നത്. പിന്നീട് ഈ മാല ഈരി വച്ചിരുന്നു. ഇതിന് സമീപത്തായി വച്ചിരുന്ന പൂമാലകൾ അകത്താക്കുന്ന കൂട്ടത്തിലാണ് സ്വർണമാലയും പശു വിഴുങ്ങിയത്. മാല കാണാതായതോടെ വീട്ടുകാർ അന്വേഷണം തുടങ്ങി. തൊഴുത്തിലും പരിസരത്തുമെല്ലാം തിരഞ്ഞിട്ടും കാണാതെ വന്നതോടെയാണ് മറ്റ് സാധ്യതകളേക്കുറിച്ച് വീട്ടുകാർ അന്വേഷിച്ചത്. മോഷ്ടാക്കൾ വരാനുള്ള സാധ്യതയില്ലെന്ന് ഉറപ്പിച്ചതോടെ വീട്ടുകാർ പിന്നീടുള്ള 35 ദിവസത്തോളം പശു ചാണകം ഇടുന്നത് ശ്രദ്ധിക്കുകയായിരുന്നു. എന്നാൽ മാല വെളിയിൽ വന്നില്ല. ഇതോടെയാണ് മൃഗഡോക്ടറുടെ സഹായം തേടാൻ വീട്ടുകാർ തീരുമാനിച്ചത്.
മെറ്റൽ ഡിറ്റക്ടറുടെ സഹായത്തോടെയാണ് പശുവിൻറെ വയറിനുള്ളിലെ സ്വർണ സാന്നിധ്യം മനസിലാക്കുന്നത്. പിന്നീട് സ്കാൻ ചെയ്തതിലൂടെ വയറിനുള്ളിൽ എവിടെയാണ് മാലയുള്ളതെന്ന് കൃത്യമായി കണ്ടെത്തുകയും ചെയ്തു. വീട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് പശുവിനെ ശസത്രക്രിയയ്ക്ക് വിധേയമാക്കിയാണ് മാല പുറത്തെടുത്തത്. വയറിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു മാല കിടന്നിരുന്നത്. ഇതിനാലാണ് ചാണകത്തിലൂടെ മാല പുറത്തുവരാതിരുന്നതെന്ന് വെറ്റിനറി വിദഗ്ധൻ പറയുന്നു. പുറത്തെടുത്ത മാല 18 ഗ്രാം മാത്രമാണുള്ളത്. ബാക്കിയുള്ള ഭാഗം കാണാതെ പോയ നിലയിലാണുള്ളത്. ഇന്നത്തെ വില അനുസരിച്ച് ഏകദേശം 86220 രൂപയുടെ മാലയാണ് പശു വിഴുങ്ങിയത്.
വിഴുങ്ങി പശു
















