നീതിയായാലും ശിക്ഷയായാലും കൃത്യമായ സമയത്ത് അത് ലഭിക്കേണ്ടത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയുടെ കൂടി ഭാഗമാണ്. വിചാരണകൾ അനന്തമായി നീളുന്നത് പരാതിക്കാരന്റെയും പ്രതിയുടെയും നീതി തടയൽ കൂടിയാണ്. ഇവ പലപ്പോഴും മനുഷ്യാവകാശ ലംഘനം കൂടിയാണ്. ഇത്തരത്തിൽ വിചാരണ നീളുന്നതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജയിലുകളിൽ 417 പേർ ഒരുവർഷത്തിലേറെയായി തടവിൽ കഴിയുന്നു എന്നാണ് കണക്കുകൾ.
അഞ്ച് വർഷത്തിലേറെയായി വിചാരണ കാത്ത് കിടക്കുന്നവർ വരെ ഇവരുടെ കൂട്ടത്തിലുണ്ട്. വിചാരണ കാത്ത് കിടക്കുന്നവരിൽ 28 പേർ യു.എ.പി.എ കുറ്റം ചുമത്തപ്പെട്ടവരാണ്. അതീവ സുരക്ഷ ജയിലിൽ കഴിയുന്ന 29 പേരുണ്ട്. തടവുകാരിൽ ഒമ്പത് വനിതകളും ഉണ്ട്.
മനുഷ്യാവകാശങ്ങൾ ഏറെ ചർച്ചയാകുന്ന സംസ്ഥാനമായ കേരളത്തിലാണ് നാനൂറിലേറെ മനുഷ്യർ ഇത്തരത്തിൽ വിധികൾക്കും ജീവിതത്തിനും ഇടയിൽ അനിശ്ചിതമായി നിൽക്കുന്നത്. കോടതി വ്യവഹാരങ്ങൾ കഴിഞ്ഞിട്ടില്ലാത്തതിനാൽ ഇക്കൂട്ടത്തിൽ നിരപരാധികൾ ആരൊക്കെ അപരാധികൾ ആരൊക്കെ എന്ന് പറയാനും ആകില്ല. വിചാരണ തടവുകാർ എല്ലാം തന്നെയാണ് അതാത് കേസുകളിലെ യഥാർത്ഥ പ്രതികൾ എന്ന് പറയാനാകില്ല.
ഏറ്റവും ഒടുവിലായി യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കിടന്നിരുന്ന അലൻ ശുഹൈബിനെയും താഹ ഫസലിനെയും കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടിരുന്നു. പക്ഷെ വിദ്യാർത്ഥികളായ ഇരുവരുടെയും ഒരുപാട് ദിനങ്ങളാണ് ഇരുട്ടറയിൽ കഴിയേണ്ടി വന്നത്. സംസ്ഥാനം മുഴുവൻ ശ്രദ്ധ നേടിയ ഒരു കേസായിട്ട് കൂടി വിചാരണക്ക് കാല താമസം നേരിടേണ്ടി വന്നു എന്ന് കൂടി ഓർക്കേണ്ടതുണ്ട്.
നിലവിൽ വിചാരണ കാത്ത് ഒരു വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന 417 പേരുടെ കേസുകളെല്ലാം ജനശ്രദ്ധ നേടിയത് ആകണമെന്നില്ല. അതിനാൽ തന്നെ ഇവർക്ക് വേണ്ടി മനുഷ്യാവകാശ ശബ്ദങ്ങൾ ഉയരാനുള്ള സാധ്യതയും കുറവാകും. വിചാരണയുടെ കാല താമസം ഒഴിവാക്കാനും വേഗത്തിലാക്കാനുമായി സംസ്ഥാനത്ത് ഫാസ്റ്റ് ട്രാക്ക് കോടതികൾ ഉൾപ്പെടെ സ്ഥാപിച്ചെങ്കിലും അത് വിജയമായില്ലെന്ന് വേണം നിലവിലെ സാഹചര്യത്തിൽ മനസിലാക്കാൻ.
വിചാരണ പൂർത്തിയാക്കി കുറ്റം ചെയ്തിട്ടില്ലെന്ന് കണ്ടെത്തി വെറുതെവിട്ടാൽ ഇത്രയുംനാൾ തടവ് ശിക്ഷ അനുഭവിച്ചതിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കാത്ത സാഹചര്യമാണുള്ളത്. മാത്രമല്ല ഇവർക്ക് സമൂഹത്തിൽ നിന്നും പരിചയക്കാരിൽ നിന്നുമുള്ള അവഗണനയും ഒറ്റപ്പെടുത്താലും നേരിടേണ്ടി വരും. ഏറെ നാളത്തെ ജയിൽവാസം ഇവരുടെ മാനസികാരോഗ്യത്തെയും ബാധിക്കാം. ഇതൊരു വലിയ സാമൂഹ്യ പ്രശ്നമാണ്.
രാഷ്ട്രീയ പ്രവർത്തകരെയും മറ്റു പ്രമുഖരെയും വിചാരണക്ക് ശേഷം കുറ്റക്കാരല്ലെന്ന് കണ്ടെത്തിയാലോ ജാമ്യം ലഭിച്ചാലോ ഏറ്റെടുക്കാനും കൂടെ നിൽക്കാനും ആളുകൾ ഉണ്ടാകും. എന്നാൽ സാധാരണ മനുഷ്യരുടെ കാര്യം അതല്ല. അവർക്ക് പിന്നീടുള്ള ജീവിതം ഏറെ ദുഷ്കരമാകും.
വിചാരണ തടവുകാർ കൂടുതൽകാലം ജയിലിൽ കഴിയുന്ന സാഹചര്യം ഒഴിവാക്കാൻ ജില്ല തല കമ്മിറ്റി മൂന്ന് മാസത്തിലൊരിക്കൽ കൂടുകയും കേസുകളുടെ കാലതാമസം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നാണ് സർക്കാർ ഈ വിചാരണ നീണ്ടുപോകുന്നതിൽ നൽകുന്ന വിശദീകരണം. എന്നാൽ ഇതൊന്നും പ്രായോഗികമാവുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പത്ത് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെങ്കിൽ കേസന്വേഷണം പൂർത്തിയാക്കി 90 ദിവസത്തിനുള്ളിലും മറ്റ് കേസുകളിൽ 60 ദിവസത്തിനുള്ളിലും കുറ്റപത്രം സമർപ്പിക്കപ്പെട്ടാൽ ജയിലുകളിൽ കഴിഞ്ഞുകൊണ്ട് തന്നെ വിചാരണ നേരിടണമെന്നാണ് വ്യവസ്ഥ. അത്തരത്തിലുള്ള കേസുകളിൽ വിചാരണ നേരിടുന്നവരാണ് ഇപ്പോൾ ജയിലുകളിൽ കഴിയുന്നത്.
കുറ്റപത്രം സമർപ്പിക്കാൻ കാലതാമസമുണ്ടായാൽ ജാമ്യം ലഭിക്കുകയും ചെയ്യും. കേസുകളുടെ നടപടികൾക്കായി വിഡിയോ കോൺഫറൻസിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും ലക്ഷ്യപ്രാപ്തിയിലെത്തുന്നില്ലെന്ന് വിചാരണ തടവുകാരുടെ എണ്ണം ബോധ്യപ്പെടുത്തുന്നു.
നിലവിലെ 417 പേർ ഒരു വർഷത്തിന് മുകളിൽ ഉള്ളവരുടെ കണക്കുകളിൽ മാത്രം പെടുന്നവരാണ്. ഇതിന് താഴെ മാസങ്ങളായും തടവിൽ കഴിയുന്നവർ ഉണ്ട്. മാസങ്ങളായാലും വർഷങ്ങളായാലും ജയിലിൽ ഒരു ദിവസം പോലും കിടക്കുന്നത് സുഖകരമായ കാര്യമല്ല. കുറ്റവാളികളുടെ കാര്യത്തിൽ അവർ അർഹിക്കുന്നത് ആണെങ്കിൽ നിരപരാധികളുടെ കാര്യത്തിൽ ഈ കാലതാമസം നീതി ലംഘനവും മനുഷ്യാവകാശ ലംഘനവുമാണ്.