ജീവിതത്തില്‍ ഒരിക്കലെങ്കിലും തലവേദന വരാത്ത ആളുകള്‍ ഉണ്ടാകുകയില്ല,മൈഗ്രെയ്ന്‍, ചെന്നിക്കുത്ത്, ക്ലസ്റ്റര്‍ തലവേദന എന്നിവയെല്ലാം ഉള്‍പ്പെടുന്നു. തൊണ്ണൂറു ശതമാനം തലവേദനകളും വലിയ പ്രശ്‌നമില്ലാത്തവയാണ്. അതില്‍ മൈഗ്രെയ്ന്‍ നിരവധി ആളുകള്‍ക്ക് ഉണ്ടാകുന്ന തലവേദനയാണ്. ഇത് തലയുടെ ഒരുഭാഗത്ത് നിന്ന് വിങ്ങുന്ന വേദനയായി അനുഭവപ്പെടുന്നതാണ്.
ഈ വേദന ചില ആളുകള്‍ക്ക് കൂടുന്ന അവസ്ഥയുണ്ടാകാറുണ്ട്. ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍, നിര്‍ജലീകരണം സംഭവിക്കുമ്പോള്‍, അധികമായി മധുരം കഴിച്ചാല്‍ എന്നീ സന്ദര്‍ഭങ്ങളില്‍ ചിലര്‍ക്ക് വേദന കൂടുതലായി ഉണ്ടാകുന്നു. ഈ വേദന നാല് മണിക്കൂര്‍ തൊട്ട് മൂന്ന് ദിവസം വരെ നീണ്ടു നില്‍ക്കുന്നതായി കാണാറുണ്ട്. ഈ വേദനയ്ക്ക് മരുന്നിന്റെ സഹായം ആവശ്യമായി വരുന്നവരുണ്ട്. പിന്നീട് വേദന വരാതിരിക്കാന്‍ ബീറ്റ ബ്ലോക്കേഴ്‌സ്, വാല്‍ പ്രോയറ്റ് എന്നീ വേദന സംഹാരികള്‍ കഴിച്ചാല്‍ ഒന്ന് രണ്ട് മാസത്തേക്ക് വേദന വരാതിരിക്കും.
ടെൻഷൻ കൂടുമ്പോൾ ഉണ്ടാവുന്ന തലവേദനകൾ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന മിക്ക ആളുകള്‍ക്കും ഉണ്ടാകുന്ന തലവേദനയാണ്. എന്നാല്‍ ക്ലസ്റ്റര്‍ തലവേദന ഒരു ദിവസം തന്നെ എട്ടു മുതല്‍ പത്ത് പ്രാവശ്യം വരെ ഉണ്ടാകുന്നു. ചിലപ്പോള്‍ തലേ ദിവസം വന്ന അതേ സമയത്തു തന്നെ പിറ്റേ ദിവസവും ഈ തലവേദന വരാമെന്നതും ക്ലസ്റ്ററിന്റെ പ്രത്യേകതയാണ്.
ഇതുവരെ കാര്യമായി തലവേദന വന്നിട്ടില്ലാത്ത അറുപതിന് മുകളില്‍ പ്രായമുള്ള ഒരാള്‍ക്ക് തലവേദന വന്നാല്‍ സൂക്ഷിക്കേണ്ടതാണ്. തലവേദനയുടെ കൂടെ പനി, ഛര്‍ദ്ദി, കഴുത്ത് വേദന എന്നിവ ഉണ്ടാകുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്.ചിലര്‍ക്ക് തലവേദനയ്‌ക്കൊപ്പം ബലക്കുറവ്, സംസാരശേഷി നഷ്ടപ്പെടുക, ഡബിള്‍ വിഷന്‍ ഇവയൊക്കെ സൂക്ഷിക്കേണ്ടതാണ്.
















